തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണുമാഫിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ നാലു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സംഭവം നടന്ന ദിവസം കാട്ടാക്കട്ട പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. എ.എസ്.ഐ അനില്‍കുമാര്‍, സിപിഒമാരായ ഹരികുമാര്‍, ബൈജു, സുകേഷ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.
സംഗീത് കൊല്ലപ്പെട്ട ദിവസം രാത്രി ഒരു മണിക്ക് സ്റ്റേഷനില്‍ വിവരം കിട്ടിയെന്നും പൊലിസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമഭയില്‍ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ വീഴ്ച്ചയാണ് കൊലപാതകത്തിന് കാരണമായതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പോലിസില്‍ വിളിച്ച് അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതെ പോലിസ് കാണിച്ച അനാസ്ഥ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അക്രമം നടക്കുന്നതായി സംഗീതിന്‍റെ ഭാര്യ അറിയിച്ചിട്ടും പോലിസ് എത്താന്‍ വൈകിയെന്നും സംഭവത്തില്‍ പോലിസിന് വീഴ്ച പറ്റിയെന്നും സ്പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അനുമതിയില്ലാതെ അര്‍ധരാത്രി മണ്ണിടിച്ചു കടത്താനുള്ള ശ്രമം തടഞ്ഞതിനാണു വിമുക്ത ഭടനും പ്രവാസിയുമായ കാട്ടാക്കട കീഴാറൂര്‍ കാഞ്ഞിരംവിള ശ്രീ മംഗലത്തില്‍ സംഗീതിനെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് കൊണ്ട് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 11.30നാണു സംഗീതിന്റെ വീടിനു പിന്നിലെ ഭൂമിയില്‍ നിന്നു സംഘം മണ്ണിടിച്ചു തുടങ്ങിയത്. സ്ഥലത്തില്ലാതിരുന്ന സംഗീത് വിവരമറിഞ്ഞ് 12 മണിയോടെയെത്തി തടഞ്ഞു. ഇതിനു മുന്‍പു നാലു ലോഡ് മണ്ണ് കടത്തിയിരുന്നു. വാക്കേറ്റത്തിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെയും ടിപ്പറിന്റെയും ഉടമകളെത്തി. ആദ്യം അനുനയിപ്പിക്കാന്‍ ശ്രമിച്ച സംഘം പിന്നെ ഭീഷണിപ്പെടുത്തി. ടിപ്പറും മണ്ണുമാന്തിയും പുറത്തു കടക്കാതിരിക്കാന്‍ കാര്‍ കുറുകെ നിര്‍ത്തി പൊലീസിനെ വിളിക്കാന്‍ സംഗീത് വീട്ടിലേക്കു കയറി. ഇതിനിടെ സംഘത്തിലൊരാള്‍ കാര്‍ തള്ളി റോഡിലേക്കു മാറ്റിയിട്ടശേഷം മണ്ണുമാന്തിയും ടിപ്പറുമായി കടക്കാന്‍ ശ്രമിച്ചു. ഇതു കണ്ടു തിരിച്ചെത്തി തടയാന്‍ ശ്രമിച്ചപ്പോഴാണു സംഗീതിനെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തിയത്.