കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു; പ്രതിഷേധവുമായി ആദിവാസി യുവാവ്

ഇടുക്കി: കാട്ടുമൃഗത്തിന്റെ ഇറച്ചി കൈവശം വച്ചുവെന്ന് ആരോപിച്ച്‌ വനംവകുപ്പ് കള്ളക്കേസില്‍ കുടുക്കിയ ആദിവാസി യുവാവ് സരുണ്‍ സജി ആത്മഹത്യാ ഭീഷണിയുമായി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍.

കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സര്‍വീസില്‍ തിരിച്ചെടുത്തതിനു പിന്നാലെയാണ് യുവാവിന്റെ പ്രതിഷേധം.

ഇടുക്കി കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിനു മുന്നിലുള്ള മരത്തില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്ന ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഉദ്യോഗസ്ഥര്‍ക്കെതിരെ സരുണ്‍ സജിയുടെ പരാതിയില്‍ കേസെടുത്തെങ്കിലും നടപടിയുണ്ടായില്ല.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാറിനെ അടക്കം ആറ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഷന്‍ റദ്ദാക്കി ഇന്നലെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20നാണ് ആദിവാസി യുവാവിനെ ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച്‌ വനംവകുപ്പ് അറസ്റ്റു ചെയ്തത്.

പത്തു ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ വനംവകുപ്പ് തന്നെ നടത്തിയ അന്വേഷണത്തില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി രാഹുല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ലെനിന്‍, ഷിജിരാജ്, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ ജിമ്മി, വാച്ചര്‍മാരായ മോഹന്‍, ജയകുമാര്‍ എന്നിവരുടെ സസ്‌പെന്‍ഷനാണ് ഇന്നലെ പിന്‍വലിച്ചത്.

നടപടി കാലാവധി കഴിഞ്ഞതിനാലാണ് തിരിച്ചെടുത്തതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും കാണുന്നില്ലെന്നും വനംവകുപ്പ് പറയുന്നു.

എന്നാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ നിയമപ്രകാരം പോലീസ് എടുത്ത കേസ് നിലവിലുണ്ട്. ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അതിനാല്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനാവില്ലെന്നാണ് സരുണ്‍ സജിയുടെ പരാതി.

Related posts

Leave a Comment