മുംബൈ: ജയില്‍ മോചിതനായതിനു പിന്നാലെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ഒരാഴ്ച്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയ്ക്ക് ശേഷം ബുധനാഴ്ച്ച 8.30 ന് തലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അര്‍ണബ് നേരെ റിപ്പബ്ലിക് ടി.വി ഓഫിസിലേക്കാണ് എത്തിയത്.
‘ഉദ്ധവ് താക്കറേ, നിങ്ങള്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ. നിങ്ങള്‍ തോറ്റിരിക്കുന്നു. നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു.ഒരു പഴയ കള്ളക്കേസിലാണ് നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തത്. ഇതുവരെ നിങ്ങള്‍ അതിന് എന്നോട് ഖേദം പ്രകടിപ്പിച്ചിട്ടില്ല’ അര്‍ണബ് പറഞ്ഞു.
‘കളി തുടങ്ങിയിട്ടേയുളളൂ. ജയിലിനുളളിലിരുന്നും എനിക്ക് ചാനല്‍ ലോഞ്ച് ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.’ -അര്‍ണബ് വെല്ലുവിളിച്ചു. രാജ്യാന്തര മാധ്യമരംഗത്തും തന്റെ സാന്നിധ്യം ഉണ്ടാവുമെന്നും അര്‍ണബ് പറഞ്ഞു.
ആത്മഹത്യാ പ്രേരണക്കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രാത്രിയാണ് അര്‍ണബ് ജയില്‍ മോചിതനായത്.