കളിസ്ഥലത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 15 കാരന്‍ ക്വട്ടേഷന്‍ കൊടുത്തു; ഗുണ്ടാ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു

മംഗലപുരം; പതിനഞ്ചുകാരന്റെ ക്വട്ടേഷനെ തുടര്‍ന്ന് മംഗലപുരത്ത് ഗുണ്ടാ ആക്രമണം. നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ഇതില്‍ മൂന്ന് പേര്‍ക്ക് കത്തിക്കുത്തേല്‍ക്കുകയും ചെയ്തു.

ആക്രമണത്തില്‍ പരിക്കേറ്റത് ആനതാഴ്ചിറ നിസാം മന്‍സിലില്‍ നിസാമുദ്ദീന്‍ (19), വെള്ളൂര്‍ സ്വദേശി സജിന്‍ (19), ആനതാഴ്ചിറ ലക്ഷം വീട് കോളനിയില്‍ സനീഷ് (21), നിഷാദ് (19) എന്നിവര്‍ക്കാണ്.

ആക്രമണം നടത്തിയത് കാപ്പ ചുമത്തി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികളാണ്.

സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം എസ്.ആര്‍. മന്‍സിലില്‍ ഷെഹിന്‍ കുട്ടന്‍ (26), മുള്ളന്‍ കോളനി ആലുനിന്നവിള വീട്ടില്‍ അഷ്‌റഫ് (24), പതിനഞ്ചു കാരനായ വിദ്യാര്‍ഥി എന്നിവരെ പോലീസ് പിടികൂടി.

മൂന്നംഗ സംഘം നാകൊയ്ത്തൂര്‍ക്കോണം വെള്ളൂര്‍ പള്ളിക്ക് സമീപത്താണ് ആക്രമണം അഴിച്ചുവിട്ടത്. വെള്ളൂര്‍ സ്വദേശിയായ പതിനഞ്ചുകാരനാണ് ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത്. ആക്രമണം നടന്നത് ശനിയാഴ്ച്ച രാത്രി ഏഴര മണിയോടെയായിരുന്നു.

വെള്ളൂര്‍ പള്ളിയില്‍നിന്ന് നോമ്ബുതുറന്ന് തിരികെ പോകുന്നതിനിടയിലായിരുന്നു മൂന്നുപേര്‍ക്ക് കുത്തേറ്റത്. ഒരാളെ മര്‍ദിക്കുകയും ചെയ്തു. കളിസ്ഥലത്തുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് മംഗലപുരം പോലീസ് പറയുന്നു.

ഒരു പ്രകോപനവും ഇല്ലാതെയാണ് കത്തിയും വെട്ടുകത്തിയുമായി എത്തിയ പ്രതികള്‍ ആക്രമിച്ചത്. പിടിച്ചുമാറ്റാനെത്തിയവര്‍ക്കും മര്‍ദനമേറ്റു. വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തില്‍ കുത്തേറ്റ നിസാമുദ്ദീന്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ആക്രമണം നടന്ന സ്ഥലത്ത് മംഗലപുരം പൊലീസ് എത്തി പരിശോധന നടത്തി. നാട്ടുകാരില്‍ നിന്നും ആക്രമണത്തില്‍ പരിക്കേറ്റവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കേസിലെ മറ്റൊരു പ്രതിയായ അന്‍സറിനെ പിടികൂടാനുണ്ട്.

ഇയാള്‍ പിടിയിലായ അഷ്‌റഫിന്റെ സഹോദരനാണ്. മര്‍ദനത്തില്‍ പരിക്കേറ്റ സിദ്ദിഖ് ആശുപത്രിയില്‍ ചികിത്സതേടുകയും മംഗലപുരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിടിയിലായവരെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment