കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം; പിടികൂടിയത് 2 കിലോ

കൊച്ചി: കളമശേരി പോളിടെക്നിക് കോളേജേ ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം. ഇന്നലെ രാത്രി പോലീസ് നടത്തിയ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവ് പിടികൂടി.

മൂന്ന് വിദ്യാർഥികളെ പിടികൂടിയിട്ടുണ്ട്. മൂന്നുപേർ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ആരംഭിച്ച മിന്നൽ പരിശോധന പുലർച്ചെവരെ നീണ്ടു.


റെയ്ഡിനായി ഡാൻസാഫ് സംഘം എത്തുമ്പോൾ വിദ്യാർഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം പ്രതികരിച്ചു.

തൂക്കി വിൽപ്പനക്കുള്ള ത്രാസ് അടക്കം കണ്ടെത്തിയിട്ടുണ്ട്.


ഏഴ് മണിക്കൂറോളമാണ് പോലീസ് ഹോസ്റ്റലിൽ പരിശോധന നടത്തിയത്. രാത്രി തുടങ്ങിയ പരിശോധന പുലർച്ചെ നാല് മണി വരെ നീണ്ടു.

ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുകയാണ്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണുംതിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

കളമശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്.

മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.

കൊല്ലം സ്വദേശിയായ ആകാശിൻ്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്.

ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍നിന്നാണ് ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയത്. മൂവരും പോലീസ് കസ്റ്റഡിയിലാണ്.

ഹോളി ആഘോഷത്തിനായാണ് വിദ്യാർഥികൾ കഞ്ചാവ് എത്തിച്ചതെന്നാണ് റിപ്പോർട്ട്.ഇത്ര അളവില്‍ കഞ്ചാവ് ഉണ്ടാകുമെന്ന് കരുതിയില്ല.

വരുമ്പോള്‍ കാണുന്നത് കഞ്ചാവ് വില്‍പ്പനയ്ക്ക് പായ്ക്കറ്റിലാക്കുന്ന കുട്ടികളെയാണ് കണ്ടത്. കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

സംസ്ഥാനത്ത് ഓപ്പറേഷൻ ഡി ഹണ്ടിലൂടെ ലഹരി വ്യാപനം തടയാനുള്ള പരിശോധനകൾ പുരോഗമിക്കുന്നതിനിടെയാണ് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് ശേഖരം പിടികൂടിയത്.

ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഫെബ്രുവരി മുതൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടന്നുവരികയാണ്.

നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related posts

Leave a Comment