നിര്‍മ്മാതാക്കളുമായി ഉള്ള തര്‍ക്കവും ഐ എഫ് എഫ് കെ വേദിയില്‍ വെച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളും അവസാനം നടത്തിയ മാപ്പപേക്ഷയും ഒക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് യുവതാരം ഷെയിന്‍ നിഗം. താരം എപ്പോള്‍ എന്ത് പറയും എന്നത് ആര്‍ക്കും ഉറപ്പില്ലാത്ത കാര്യമാണ്. താരസംഘടനയായ അമ്മ പോലും പൂര്‍ണമായ പിന്തുണ നല്‍കാത്തതിന് പിന്നിലെ പ്രധാന കാരണവും ഷെയിന്‍ നിഗം ത്തിന്റെ നിലപാടുകളിലെ സ്ഥിരത ഇല്ലായ്മ ആണ്. എന്നാല്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഷെയിന്‍ ക്ഷമാപണം നടത്തിയിരുന്നു.
ഇതോടെ നിര്‍മാതാക്കളുടെ സംഘടന നിലപാടില്‍ അയവുവരുത്തി. എന്നാല്‍ പ്രശ്‌നത്തിന് പൂര്‍ണമായ പരിഹാരം ഉണ്ടാകാന്‍ ഇനിയും സമയമെടുക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വിദേശത്തുള്ള നടന്‍ മോഹന്‍ലാല്‍ തിരികെയെത്തിയ ശേഷം മാത്രമായിരിക്കും വിഷയത്തില്‍ അമ്മ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുക. ഡിസംബര്‍ 22ന് ചേരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം നിര്‍ണായക തീരുമാനം പുറത്ത് വരും. താരം അന്യഭാഷകളില്‍ സജീവമാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിലക്ക് രാജ്യവ്യാപകമാക്കാന്‍ ഫിലിം ചേംബര്‍ നീക്കം തുടങ്ങിയിരുന്നു.
എന്നാല്‍ വിവാദങ്ങള്‍ ഒന്നും തന്നെ താരത്തെ ബാധിക്കുന്നില്ല എന്നതാണ് പുതിയ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തേക്കും താന്‍ പ്രവേശിക്കുക ആണെന്ന് ഷെയിന്‍ നിഗം അറിയിച്ചു. താന്‍ രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്ന് ഷെയ്ന്‍ നിഗം വെളിപ്പെടുത്തി.
നവാഗത സംവിധായകര്‍ ഒരുക്കാന്‍ പോകുന്ന രണ്ട് ചിത്രങ്ങള്‍ ആയിരിക്കും ഷെയ്ന്‍ നിര്‍മ്മിക്കുക. സിനിമകളുടെ പേരും നടന്‍ വെളിപ്പെടുത്തി. സിംഗിള്‍, സാരമണി കോട്ട എന്നിങ്ങനെയാണ് ചിത്രങ്ങളുടെ പേരുകള്‍. സിനിമകളെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. അതേസമയം ചിത്രങ്ങളിലെ നായകന്മാരെ കുറിച്ച് വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല.