കല്ലിടലിനു കെ റെയില്‍ ചെലവിട്ടത് 81 ലക്ഷം രൂപ

തിരുവനന്തപുരം ∙ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഇതുവരെ കല്ലിട്ടതു 190 കിലോമീറ്റര്‍ ദൂരത്തില്‍. 530 കിലോമീറ്ററാണു മൊത്തം ദൈര്‍ഘ്യം.

സ്ഥാപിച്ച 6300 കല്ലുകളില്‍ മുന്നൂറ്റിയന്‍പതിലേറെ സമരക്കാര്‍ പിഴുതുമാറ്റിയെന്നാണ് ഔദ്യോഗിക കണക്ക്. 81 ലക്ഷം രൂപയാണ് കല്ലിടലിനു കെ-റെയില്‍ ചെലവിട്ടത്. സംഘര്‍ഷം രൂക്ഷമായതോടെ കല്ലിടല്‍ നേരത്തേ അനൗദ്യോഗികമായി മരവിപ്പിച്ചിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എവിടെയും കല്ലിട്ടിട്ടില്ല. എന്നാല്‍ കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്നായിരുന്നു കെ-റെയില്‍ വാദം.

കല്ല് നിര്‍ബന്ധമല്ലെന്നു സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക്, കല്ലിടലിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ ചുമത്തിയ കേസുകളുടെ ഭാവിയും സര്‍ക്കാര്‍ തീരുമാനിക്കേണ്ടതുണ്ട്. നൂറുകണക്കിനു പേര്‍ക്കെതിരെ കേസെടുക്കുകയും പലരെയും ജയിലിലടയ്ക്കുകയും ചെയ്തു. അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുത്തതായി സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമിതി പറയുന്നു.

Related posts

Leave a Comment