കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളിലെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാര്‍കുട്ടിയില്‍ നിന്നും 1500 ക്യുമെക്സ് വരെയും പാംബ്ല ഡാമില്‍ നിന്നും 3000 ക്യുമെക്സ് വരെയും ജലം ഉടന്‍ തന്നെ പുറത്തുവിടുന്നതാണ്. പെരിയാര്‍, മുതിരപ്പുഴയാര്‍ നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ് എന്നും ജില്ലാകളക്ടര്‍ അറിയിച്ചു.
ഇടുക്കിയിലെ മലയോരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളം ഒഴുക്കികളയുന്നത്. നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗരൂകരായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറില്‍ കഴിഞ്ഞ നാലുദിവസത്തിനിടെ 12 അടി വെള്ളം ഉയര്‍ന്നു. ഇപ്പോള്‍ ജലനിരപ്പ് 130 അടിയാണ്. ഇടുക്കി അണക്കെട്ടിലും കഴിഞ്ഞ നാലു ദിവസത്തിനിടെ 12 അടി വെള്ളം ഉയര്‍ന്ന് 2353 അടി പിന്നിട്ടു.