കറാച്ചിയില്‍ പാകിസ്ഥാന്‍ വിമാനം തകര്‍ന്ന് വീണ് 92 പേര്‍ മരിച്ചു; 2 പേര്‍ രക്ഷപ്പെട്ടു

ഇസ്ലാമാബാദ്: തെക്കന്‍ പാകിസ്ഥാന്‍ നഗരമായ കറാച്ചിയില്‍ വിമാനം തകര്‍ന്ന് വീണ് 92 പേര്‍ മരിച്ചു. കിഴക്കന്‍ നഗരമായ ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വന്ന പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി‌എ‌എ) എയര്‍ബസ് എ 320 ആണ് അപകടത്തില്‍പ്പെട്ടത്. നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്നുള്ള കറാച്ചിയിലെ ജനസാന്ദ്രതയുള്ള മോഡല്‍ കോളനി പ്രദേശത്തെ വീടുകള്‍ നിന്ന ഭാഗത്താണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലെ രണ്ട് പുരുഷ യാത്രക്കാര്‍ അപകടത്തില്‍ നിന്ന് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വിമാനത്താവളത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുന്‍പാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ കുറഞ്ഞത് 91 യാത്രക്കാരുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 60 പേരുടെ മൃതദേഹങ്ങള്‍ കറാച്ചിയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ സെന്ററിലും കറാച്ചിയിലെ 32 മൃതദേഹങ്ങള്‍ സിവില്‍ ഹോസ്പിറ്റലിലേക്കും മാറ്റിയതായി ആരോഗ്യ മന്ത്രാലയ വക്താവ് മീരന്‍ യൂസഫ് ടെലിഫോണ്‍ വഴി പറഞ്ഞു. രക്ഷപ്പെട്ട രണ്ട് പേരെ കറാച്ചിയിലെ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഇതുവരെ 19 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യൂസഫ് പറഞ്ഞു.

സംഭവ സ്ഥലത്ത് വെച്ച്‌ നിരവധി പരിസരവാസികള്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വന്ന വിമാനം എയര്‍ബസ് എ 320 ലാന്‍ഡിങ്ങിനായി തയ്യാറെടുക്കുകയായിരുന്നു. ലാന്‍ഡിങ്ങിനു തൊട്ട് മുന്‍പ് സാങ്കേതിക പ്രശ്‌നമുണ്ടെന്നാണ് അവസാനമായി ലഭിച്ച പൈലറ്റിന്റെ സന്ദേശം. വിമാനം ലാന്‍ഡ് ചെയ്യാന്‍ രണ്ട് റണ്‍‌വേകളും ലഭ്യമാണെന്ന് പൈലറ്റിനെ അറിയിച്ചിരുന്നു. പി‌എ‌എ മേധാവി അര്‍ഷാദ് മാലിക് പറഞ്ഞു.

ഇടുങ്ങിയ തെരുവുകളിലെ വീടുകള്‍ക്ക് മുകളില്‍ കട്ടിയുള്ള പുക ഉയര്‍ന്നു. വിമാനം വന്നു പതിച്ചതിന്റെ ആഘാതത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പെട്ടെന്ന് വിമാനം ഉയരത്തില്‍ നിന്ന് താഴേക്ക് വരികയും റണ്‍വേയില്‍ നിന്ന് മോഡല്‍ കോളനി പരിസരത്തേക്ക് ഇടിക്കുകയുമായിരുന്നു വെന്ന് സാക്ഷികള്‍ പറയുന്നു. പാക്കിസ്ഥാന്റെ എയര്‍ബസ് എ 320 ലാഹോറില്‍ നിന്ന് പുറപ്പെട്ട് ഏതാണ്ട് ഒന്നര മണിക്കൂറുകള്‍ക്ക് ശേഷം കറാച്ചിയിലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2: 45 ന് (09:45 ജിഎംടി) ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എമര്‍ജന്‍സി എക്സിറ്റ് ഡോര്‍ ഉള്‍പ്പെടെ വിമാനത്തിന്റെ ചില ഭാഗങ്ങള്‍ തെരുവുകളില്‍ പരന്നുകിടക്കുകയാണ്. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രികളില്‍ എത്തിക്കാന്‍ ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ സൈന്യം അറിയിച്ചു.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍‌എ പരിശോധന നടത്തുകയാണ്. അതിനു ശേഷം മൃതദേഹം കുടുംബങ്ങള്‍ക്ക് വിട്ട് നല്‍കും. കൊറോണ വൈറസ് മഹാമാരിക്ക് ശേഷം പാകിസ്ഥാന്‍ കഴിഞ്ഞയാഴ്ചയാണ് പരിമിതമായ ആഭ്യന്തര വിമാന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. വെള്ളിയാഴ്ചയുണ്ടായ തകരാറിനെക്കുറിച്ച്‌ അടിയന്തര അന്വേഷണത്തിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉത്തരവിട്ടു.

Related posts

Leave a Comment