കര്‍ഷക സമരം മൂന്നാം ദിനം: മൂന്നാംവട്ട ചര്‍ച്ചയ്ക്ക് കേന്ദ്രം, പഞ്ചാബില്‍ ഇന്ന് റെയില്‍ തടയല്‍

ന്യുഡല്‍ഹി: ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍.

മൂന്ന് കേന്ദ്രമന്ത്രിമാരെയാണ് ഇന്ന് പഞ്ചാബിലെ ചണ്ഡിഗഢില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കേന്ദ്രം നിയോഗിച്ചിരിക്കുന്നത്.

കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, വാണിജ്യമന്ത്രി പിയുഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിതയാനന്ദ് റായ് എന്നിവര്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും.

നേരത്തെ ഈ മാസം എട്ടിനും പന്ത്രണ്ടിനും കേന്ദ്രം ചര്‍ച്ചയ്ക്ക് വന്നിരുന്നു.

വിളകള്‍ക്ക് കുറഞ്ഞ താങ്ങ്‌വില നിശ്ചയിക്കുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഇന്റുഷറന്‍സ് ആനുകൂല്യങ്ങള്‍

ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്തുന്നത്.

പഞ്ചാബ്, ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകരുടെ മുന്നേറ്റം.

പഞ്ചാബിലെ ശംഭു, ഖനൗരി, ഹരിയാനയിലെ ദത്ത സിംഗ്‌വാല-ഖനൗരി അതിര്‍ത്തികളിലാണ് കര്‍ഷകര്‍ തമ്ബടിച്ചിരിക്കുന്നത്.

അതിനിടെ, ഇന്ന് പഞ്ചാബില്‍ ഭാരതി കിസാന്‍ യൂണിയന്‍, ബികെയു ദകൗന്ദ എന്നീ സംഘടനകള്‍ റെയില്‍ ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 4 വരെ ഏഴ് കേന്ദ്രങ്ങളിലാണ് ഉപരോധം.

അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ ഹരിയാന പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചതിനെതിരെയാണ് ഉപരോധം.

Related posts

Leave a Comment