കര്‍ഷക പ്രതിഷേധം; സ്‌റ്റേഡിയങ്ങള്‍ ജയിലുകളാക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി കെജ്‌രിവാള്‍

ന്യുഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ ഡല്‍ഹിയിലെ സ്‌റ്റേഡിയങ്ങള്‍ താത്ക്കാലിക ജയിലുകളാക്കി മാറ്റണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി ഡല്‍ഹി സര്‍ക്കാര്‍.

കര്‍ഷകരുടെ ആവശ്യം സത്യസന്ധമാണെന്നും പൗരന്മാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മറുപടി നല്‍കി.

‘കര്‍ഷകരുടെ ആവശ്യങ്ങള്‍ യഥാര്‍ത്ഥമാണ്. രണ്ടാമതായി, സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും ഭരണഘടനാപരമായ അവകാശമുണ്ട്.

അതുകൊണ്ടുതന്നെ കര്‍ഷകരെ അറസ്റ്റു ചെയ്യുന്നത് തെറ്റാണ്.- ഡല്‍ഹി മന്ത്രി കൈലാഷ് ഗെലോട്ട് കേന്ദ്രത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

ഭവാനയിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയം താത്ക്കാലിക ജയില്‍ ആക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം.

കര്‍ഷകരുടെ ന്യായമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവരെ വിളിച്ച്‌ ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. രാജ്യത്തെ കര്‍ഷകര്‍ അന്നദാതാക്കളാണ്.

അവരെ ഇത്തരത്തില്‍ കാണുന്നതും അറസ്റ്റു ചെയ്യുന്നതും അവരുടെ മുറിവില്‍ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്.

കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം തീരുമാനങ്ങളില്‍ കക്ഷി ചേരാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.

വിളകള്‍ക്ക് കുറഞ്ഞ താങ്ങ്‌വില നിശ്ചയിക്കുക, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക പ്രതിഷേധം.

അതിനിടെ, ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്തിയ കര്‍ഷകരെ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു.

കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Related posts

Leave a Comment