കര്‍ണാടക: സിദ്ധരാമയ്യ മുഖ്യമന്ത്രി, ഡി.കെ ഏക ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച 12.30ന്

ന്യുഡല്‍ഹി: കര്‍ണാടകയിലെ അധികാര തര്‍ക്കത്തില്‍ എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രഭാത വിരുന്നില്‍ മഞ്ഞുരുകി.

ഹൈക്കമാന്‍ഡ് ആഗ്രഹിച്ചപോലെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉജ്വല വിജയം സമ്മാനിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ഡി.കെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും.

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നവരെ കര്‍ണാടക പിസിസി അധ്യക്ഷനായും അദ്ദേഹം തുടരും. മന്ത്രിസഭാ രൂപീകരണം ഹൈക്കമാന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമൊപ്പം മറ്റുചില മന്ത്രിമാരും നാളെ ചുമതലയേല്‍ക്കും. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഒരുപോലെ പ്രധാനപ്പെട്ട നേതാക്കളാണ്.

ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യരാണ്. എല്ലാവര്‍ക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരിക്കും. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മധ്യസ്ഥ ചര്‍ച്ചകളില്‍ സമാവായത്തില്‍ എത്തി. -കെ.സി പറഞ്ഞു.

കര്‍ണാടകത്തിലെ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറയുന്നൂ. കോണ്‍ഗ്രസ് സമാവായത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആവേശത്തില്‍ ഒരു മാസത്തിലേറെ നീണ്ട അക്ഷീണ പ്രയത്‌നത്തിലൂടെയൂം കൂട്ടായ പ്രവര്‍ത്തനത്തിലൂടെയുമാണ് പാര്‍ട്ടി വിജയത്തിലെത്തിയത്.- കെ.സി വേണുഗോപാല്‍ പറഞ്ഞൂ.

അധികാരം പങ്കിടലുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കര്‍ണാടകത്തിലെ ജനങ്ങളുമായി അധികാരം പങ്കിടുമെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ മറുപടി.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇടതുകക്ഷി നേതാക്കളെ അടക്കം ക്ഷണിക്കുമെന്നൂം അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രി മുതല്‍ കെ.സി വേണുഗോപാലിന്റെ വസതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. ഓണ്‍ലൈനായി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

രാവിലെ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും പ്രഭാത ഭക്ഷണത്തിനായി കെ.സി ക്ഷണിച്ചു.

കെ.സി വേണുഗോപാലിനും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാലയ്ക്കുമൊപ്പം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ച നേതാക്കള്‍ അധികാരത്തില്‍ ഒത്തുതീര്‍പ്പില്‍ എത്തി ഒരു കാറില്‍ തിരികെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ വസതിയിലേക്ക് പോയി.

ഇരുനേതാക്കളും ഒറ്റക്കെട്ടായി സര്‍ക്കാരിനെ നയിക്കുമെന്ന സന്ദേശം അണികള്‍ക്ക് നല്‍കുന്നതായിരുന്നു ഇവരുടെ മടക്കം.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നിര്‍ദേശം കര്‍ണാടക പിസിസി ഓഫീസില്‍ നിന്നും ഗവര്‍ണറുടെ ഓഫീസിന് രാവിലെ തന്നെ നല്‍കിക്കഴിഞ്ഞു. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങളും തുടങ്ങി.

കോണ്‍ഗ്രസിന്റെ 135 അംഗങ്ങള്‍ക്കൊപ്പം രണ്ട് കക്ഷി രഹിതരും കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നുണ്ട്. നേതാക്കള്‍ ഇന്ന് ഉച്ചയ്ക്കു ശേഷം ബംഗലൂരുവിലെത്തും.

വൈകിട്ട് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ സിദ്ധരാമയ്യയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശ വാദം ഉന്നയിച്ച്‌ സിദ്ധരാമയ്യ ഗവര്‍ണര്‍ക്ക് കത്ത നല്‍കും.

Related posts

Leave a Comment