ബംഗളൂരു: കര്‍ണാടകയിലെ രണ്ട് വനിതാ ഐപിഎസ് – ഐഎഎസ് തമ്മിലുള്ള തര്‍ക്കം ഭരണകൂടത്തിന് തലവേദനയാകുന്നു.
രോഹിണി സിന്ദൂരി ഐഎഎസ്, രൂപ മോഡ്ഗില്‍ ഐപിഎസ് എന്നിവരാണ് സാമൂഹ്യമാധ്യമങ്ങളിലെ അഴിമതി ആരോപണവും വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കളം നിറയുന്നത്.
സംസ്ഥാനത്തെ ചില ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രൈവറ്റ് ചാറ്റിലൂടെ രോഹിണി സിന്ദൂരി കൈമാറിയെന്ന് ആരോപിക്കുന്ന ചില ഫോട്ടോകള്‍ ഇന്ന് ഉച്ചയോടെ രൂപ മോഡ്ഗില്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതാണ് വിവാദം ആളിക്കത്തിച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സിന്ദൂരി ഇത്തരം ഫോട്ടോകള്‍ കൈമാറിയത് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് ഗുരുതര അച്ചടക്കലംഘനമാണെന്നും മോഡ്ഗില്‍ പറഞ്ഞു.
എന്നാല്‍ മോഡ്ഗില്‍ വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും തന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ നിന്നെടുത്ത ഫോട്ടോകള്‍ ഉപയോഗിച്ച് അപവാദപ്രചരണം നടത്തുകയാണെന്നും സിന്ദൂരി ആരോപിച്ചു.
മോഡ്ഗില്‍ ഇത്തരം പ്രവര്‍ത്തികള്‍ സ്ഥിരമായി ചെയ്യുന്നതാണെന്നും ഇവര്‍ക്കെതിരെ താന്‍ നിയമനടപടികള്‍ ആരംഭിച്ചതായും സിന്ദൂരി അറിയിച്ചു.
നേരത്തെ, മൈസൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ആയി സേവമനുഷ്ഠിക്കുന്ന വേളയില്‍ സിന്ദൂരി നിരവധി അഴിമതികള്‍ നടത്തിയതായി മോഡ്ഗില്‍ ആരോപിച്ചിരുന്നു.
പൈതൃക കെട്ടിടമായ മൈസൂരു ഡിസി ഓഫീസില്‍ അനുവാദമില്ലാതെ നീന്തല്‍ക്കുളം നിര്‍മിച്ചു, ബന്ധുക്കള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ റവന്യൂ രേഖകള്‍ തിരുത്തി ഭൂമി പതിച്ചുനല്‍കി, വ്യാജ വൗച്ചറുകള്‍ സമര്‍പ്പിച്ച് തുക തട്ടിയെടുത്തു എന്നീ ആരോപണങ്ങളാണ് മോഡ്ഗില്‍ ഉന്നയിച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി.കെ. രവി ജീവനൊടുക്കിയതിന് പിന്നിലും സിന്ദൂരിയാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു.
മൈസൂരു ഡിസി പദവിയിലിരിക്കെ ജനതാദള്‍ എംഎല്‍എ എസ്.ആര്‍. മഹേഷുമായി സിന്ദൂരിക്കുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കാന്‍ രഹസ്യചര്‍ച്ച നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ ഈയിടെ പുറത്തുവന്നിരുന്നു.
ഇതിനെല്ലാം പുറമെയാണ് സ്വകാര്യ ഫോട്ടോകള്‍ ഷെയര്‍ ചെയ്തെന്ന വിവാദം വരുന്നത്.
നേരത്തെ, കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന 2021-ല്‍ മൈസൂരുവിന്‍റെ സമീപ ജില്ലയായ ചാമരാജനഗറിലേക്ക് ഓക്സിജന്‍ നല്‍കാതെ സിന്ദൂരി പിടിവാശി കാട്ടിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
കര്‍ണാടകയിലെ ഏറ്റവും പിന്നാക്ക ജില്ലയായ ചാമരാജനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 24 പേര്‍ മരിച്ചപ്പോള്‍ സിന്ദൂരിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
എന്നാല്‍ സംഭവത്തില്‍ സിന്ദൂരി തെറ്റുകാരിയല്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സിന്ദൂരി – മോഡ്ഗില്‍ വാദപ്രതിവാദം വിവാദമായതോടെ തര്‍ക്കം ഉദ്യോഗസ്ഥ തലത്തിലുള്ളത് അല്ലെന്നും വ്യക്തിപരമാണെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.