തൃശൂര്‍ : ലക്ഷങ്ങള്‍ നിക്ഷേപിച്ചിട്ടും ചികിത്സയ്ക്കാണെന്ന് അറിയിച്ചിട്ടും പണം നല്‍കാത്തതില്‍ സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിന് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഎം പ്രവര്‍ത്തകന്‍.
താന്‍ മരിച്ചു കഴിഞ്ഞാല്‍ ആരും പാര്‍ട്ടി പതാക പുതപ്പിക്കാന്‍ വീട്ടിലേക്ക് വരേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തെഴുതിയിരിക്കുന്നത്.
തൃശൂര്‍ മാപ്രാണം സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ ജോഷി ആന്റണിയാണ് ബാങ്കിന് കത്തെഴുതിയിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്കില്‍ 82 ലക്ഷം രൂപയാണ് ജോഷി നിക്ഷേപിച്ചിരിക്കുന്നത്. പക്ഷാഘാതത്തെ തുടര്‍ന്ന് നിലവില്‍ ചികിത്സയിലാണിപ്പോള്‍ ജോഷി.
ചെവിയില്‍ ഒരു സര്‍ജറിയും കഴിഞ്ഞു. ഇത്രയും തുകയുടെ ബാങ്ക് നിക്ഷേപം ഉണ്ടായിട്ടും ചികിത്സിക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണിപ്പോള്‍ അദ്ദേഹം.
ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിനായി പലതവണ ജോഷി സമീപിച്ചെങ്കിലും അധികൃതര്‍ നല്‍കിയില്ല. പിന്നീട് ചികിത്സാ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ആദ്യം രണ്ട് ലക്ഷം രൂപ മാത്രം പിന്‍വലിക്കാമെന്ന് ബാങ്ക് അറിയിച്ചു.
പിന്നീട് പ്രതിസന്ധി ചൂണ്ടിക്കാട്ടി ബാങ്കിന് കത്തെഴുതിയപ്പോള്‍ പത്ത് ലക്ഷം രൂപ നല്‍കാമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിക്കുകയായിരുന്നു.
സ്വന്തം കാശ് ബാങ്കിലുണ്ടായിട്ടും ചികില്‍സയ്ക്കു പണമില്ലാതെ വലയേണ്ട നിസഹായവസ്ഥയിലാണ് ജോഷി. തുടര്‍ ചികിത്സകള്‍ക്കായി ഇരുപത് ലക്ഷം രൂപ നിലവില്‍ വായ്പയെടുത്തിരിക്കുകയാണ് അദ്ദേഹം.
ഇതിന്റെ പലിശയിനത്തില്‍ തന്നെ വലിയൊരു തുക ജോഷിക്ക് നല്‍കേണ്ടതായുമുണ്ട്. ബാങ്കിലെ നിക്ഷേപ തുക മുഴുവന്‍ കിട്ടാതെ പ്രതിസന്ധി ഒഴിയാത്ത അവസ്ഥയാണിപ്പോള്‍.
കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പാണ് അധികാരികള്‍ നടത്തിയത്. എന്നാല്‍ അവിടെ ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ക്ക് പണം വായ്പയ്ക്കായി അപേക്ഷ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിബന്ധങ്ങളാണ് നേരിടേണ്ടിവരുന്നത്. നിരവധി നിക്ഷേപകരാണ് തുക പിന്‍വലിക്കാന്‍ ആകാതെ നെട്ടോട്ടം ഓടുന്നത്.