തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പണം നഷ്ടപ്പെട്ട മുഴുവന്‍ നിക്ഷേപകര്‍ക്കും പണം തിരുച്ചുകിട്ടാന് സര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി.
കരുവന്നരില്‍ പദയാത്രയ്ക്കിടെ താന്‍ അവശനായെന്ന കുപ്രചരണം ശരിയല്ല. താന്‍ ശാരീരികമായി ക്ഷീണിച്ചിട്ടില്ല. 10 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പാദത്തിന്റെ അടിവശം പൊള്ളിയതാണ് കാരണമെന്നും സുരേഷ് ഗോപി പറഞ്ഞൂ.
പദയാത്ര തീരുമാനിച്ചത് ഒരു വര്‍ഷം മുന്‍പാണ്. കരുവന്നൂര്‍ തട്ടിപ്പിനെതിരായ പദയാത്ര വളരെ മുന്‍പേ നിശ്ചയിച്ചതാണ്. അതിനു ശേഷമാണ് ഇ.ഡി വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു ഇനിയും ആറ് മാസം കൂടിയുണ്ട്.
താനല്ല ഇ.ഡിയെ കൊണ്ടുവന്നത്. പദയാത്ര ഡ്രാമയാണെന്ന് പറയുന്നവര്‍ കമ്മ്യൂണിസ്റ്റ് തിമിരം ബാധിച്ചവരാണ്.
അതേസമയം, ബിജെപി ഭരിക്കുന്ന ഏഴ് ബാങ്കുകളിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ അവിടെ ഇ.ഡിയുടെ പരിശോധന ഉണ്ടാകുമോ എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.