കൊല്ലം> ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത സ്വര്‍ണ്ണം പിടിച്ചെടുത്തു.കരുനാഗപ്പള്ളി ജിഎസ്ടി മൊബൈല്‍ സ്ക്വാഡ് (നമ്ബര്‍-3) നടത്തിയ പരിശോധനയിലാണ് 4.35 കിലോ സ്വര്‍ണം പിടിച്ചത്.
രണ്ട് കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്.കുറ്റിവട്ടത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട് വാഹനത്തെ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ 3285 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. തൃശൂരില്‍ നിന്നും വര്‍ക്കലയിലേക്ക് കൊണ്ടുപോകുകയായിരുന്ന 1.56 കോടി രൂപാ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് 9.11 ലക്ഷം രൂപാ പിഴയായി ഈടാക്കി.
കരുനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപം നടന്ന റെയ്ഡിലാണ് 1065 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്. ഉരുക്കിയ നിലയിലായിലുള്ള സ്വര്‍ണ്ണം വിവിധ ജില്ലകളിലെ കടകളിലേക്ക് കൊണ്ടുപോകുകയായിരുന്നു.53 ലക്ഷം രൂപാ വിലവരുന്ന സ്വര്‍ണത്തിന് 3.18 ലക്ഷം രൂപാ പിഴ ഈടാക്കി വിട്ടു നല്‍കി.
ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ സി ജെ സാബു, ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച് ഇര്‍ഷാദ് എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. എ എസ് ടി.മാരായ ഷമീം രാജ് എ ആര്‍., ബി രാജേഷ്, എസ് രാജേഷ് കുമാര്‍, ബി രാജീവ്, ടി രതീഷ്, ഇ ആര്‍ സോനാജി, വി രഞ്ജിനി,പി ശ്രീകുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.