കൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്ന് വീണാ വിജയന്‍ കൈപ്പറ്റിയ പണം ആദായ നികുതി റിട്ടോണില്‍ കാണിച്ചിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.
വീണാ വിജയന്‍ പണം വാങ്ങിയത് സിപിഎം സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും ഐടി ആറില്‍ കാണിക്കാത്തത് ഗൗരവതരമാണ്.
വീണ വ്യക്തിപരമായി പണം വാങ്ങിയതിന്റെ രേഖ ഉണ്ടായിരിക്കേ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിമാസ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച കണക്കുകളും ഇത് സമര്‍പ്പിച്ചിട്ടില്ല.
ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ചതാണെങ്കില്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിക്കേണ്ടതാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം വിശദീകരിക്കണമെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാത്യൂ കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
വീണയെ വ്യക്തിപരമായി ഒരു വിവാദിത്തിലേക്ക് വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ല. വീണാ വിജയന് വേണ്ടി സിപിഎം സെക്രട്ടേറിയറ്റ് മറുപടി പറഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യത്തിലും വിശദീകരണം സിപിഎം നല്‍കണമെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു.
സിപിഎം നേതാക്കള്‍ ഭയക്കുന്നത് ജനങ്ങളെയല്ല, പിണറായി വിജയനേ ആണെന്നും അദ്ദേഹം വിമര്‍ശിച്ചു.