തിരുവനന്തപുരം : 10 വര്‍ഷം മുമ്ബാണ് മംഗലാപുരം വിമാന ദുരന്തം ഉണ്ടായത്. 2010 ല്‍ നടന്ന മംഗലാപുരം വിമാന ദുരന്തത്തിന് കഴിഞ്ഞ ദിവസം നടന്ന കരിപ്പൂര്‍ വിമാന ദുരന്തവുമായി
അദ്ഭുതകരമായ സാമ്യങ്ങളെന്ന് അന്ന് എയര്‍ ഇന്ത്യ അന്വേഷണത്തിനു നിയോഗിച്ചിരുന്ന നോഡല്‍ ഓഫിസര്‍ എ.കെ. മാത്യു പറയുന്നു.
രണ്ടിടത്തും ഒന്നിലേറെ തവണ ലാന്‍ഡിങ്ങിനു ശ്രമിച്ചു; ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാകുകയും ചെയ്തു. അപകടത്തെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം നിഗമനങ്ങള്‍ മാത്രമാണെന്നും യഥാര്‍ഥ കാരണമറിയാന്‍ ശാസ്ത്രീയ അന്വേഷണം പൂര്‍ത്തിയാകണമെന്നും എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ച മാത്യു പറഞ്ഞു.
മംഗളൂരുവില്‍ വിമാനം ഏതാണ്ടു പൂര്‍ണമായി കത്തിപ്പോയിരുന്നതിനാല്‍ അന്വേഷണം ദുഷ്കരമായിരുന്നു. ഫ്ലൈറ്റ് ഡേറ്റ റിക്കോര്‍ഡര്‍ പൂര്‍ണമായി കത്തിപ്പോയി. ക്രാഷ് പ്രൂഫ് ചേംബറിലുണ്ടായിരുന്ന ചിപ്പ് മാത്രം കത്തിയില്ല. കോക്പിറ്റ് വോയ്സ് റിക്കോര്‍ഡറും കത്തിപ്പോയെങ്കിലും ചിപ്പുകള്‍ വീണ്ടെടുക്കാനായി.
യുഎസിലെ നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ സഹായത്തോടെയാണ് ഇവ ഡീകോഡ് ചെയ്തത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപകടത്തിനു മുന്‍പുള്ള സാഹചര്യങ്ങള്‍ അനിമേഷന്‍ രൂപത്തില്‍ പുനഃസൃഷ്ടിച്ചു.
ലാന്‍ഡിങ് നടത്തരുതെന്നും വീണ്ടും വട്ടമിട്ടു പറക്കാമെന്നും കോ-പൈലറ്റ് 3 തവണ നിര്‍ദേശിച്ചതായി കോക്പിറ്റ് റിക്കോര്‍ഡറില്‍ നിന്നു വ്യക്തമായി. എന്നാല്‍, ക്യാപ്റ്റന്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് റണ്‍വേയുടെ പകുതിക്കപ്പുറത്ത് വിമാനം നിലം തൊട്ടതും നിയന്ത്രണം നഷ്ടമായി തകര്‍ന്നുവീണു കത്തിയതും.
3 തവണ ലാന്‍ഡിങ് തടഞ്ഞിട്ടും പൈലറ്റ് അനുസരിക്കുന്നില്ലെങ്കില്‍ വിമാനത്തിന്റെ നിയന്ത്രണം കോ പൈലറ്റിന് ഏറ്റെടുക്കാമെന്ന ചട്ടഭേദഗതിയും അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം കോര്‍ട്ട് ഓഫ് എന്‍ക്വയറി ആയിരുന്ന റിട്ട. എയര്‍ മാര്‍ഷല്‍ ബി.എന്‍. ഗോഖലെ സമര്‍പ്പിച്ചിരുന്നുവെന്ന് മാത്യു പറഞ്ഞു.