കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയ്‌ക്ക് ഒരു തകരാറുമില്ല; അന്വേഷണറിപ്പോര്‍ട്ട് തയ്യാറാകുമ്ബോള്‍ എല്ലാ വിവരവും പുറത്തുവരുമെന്ന് എയര്‍പോര്‍ട്ട് ഡയറ‌ക്‌ടര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍‌വേയ്ക്ക് ഒരു തകരാറുമില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു. അപകടം സംബന്ധിച്ച്‌ അന്വേഷണം നടക്കുകയാണ്. അന്വേഷണറിപ്പോര്‍ട്ട് തയ്യാറാകുമ്ബോള്‍ എല്ലാ വിവരവും പുറത്തുവരും. അപകടം നടന്നയുടന്‍ എയര്‍പോര്‍ട്ട് ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നുവെന്നും എയര്‍പോര്‍ട്ട് ഡയറക്‌ടര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. വിമാന അപകടത്തിന് ശേഷം ഇതാദ്യമായാണ് ഡയറക്ടര്‍ കെ.ശ്രീനീവാസ റാവു മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവള റണ്‍വേയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കഴിഞ്ഞ വ‍ര്‍ഷം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിമാനത്താവളത്തിലെ പ്രധാന റണ്‍വെയില്‍ റബ്ബര്‍ അവശിഷ്ടങ്ങള്‍ ഉണ്ടെന്നും റണ്‍വേയില്‍ വെള്ളം കെട്ടി കിടക്കുന്നുവെന്നും വ്യോമയാനമന്ത്രാലയം വിമാനത്താവള ഡയറക്ടറെ അറിയിച്ചിരുന്നു. റണ്‍വേയില്‍ വിള്ളലുകളുണ്ടെന്നും അനുവദനീയമല്ലാത്ത ചെരിവുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നിട്ടും കാര്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന വിവാദങ്ങള്‍ക്കിടെയാണ് എയര്‍പോര്‍ട്ട് ഡയറ‌ക്ടറുടെ പ്രതികരണം.

സാധാരണ വിമാനത്താവങ്ങളില്‍ നിന്ന് വളരെയേറെ മിനുസമായ റണ്‍വേയാണ് കരിപ്പൂരിലേത്. സാധാരണ കാലാവസ്ഥയില്‍ പോലും ലാന്‍ഡിംഗ് അപകടസാദ്ധ്യതയുള്ളതാണ്. മഴക്കാലത്താണെങ്കില്‍ തെന്നിമാറി അപകടമുണ്ടാകാനുള്ള സാദ്ധ്യത ഇരട്ടിയാകും. ഇത്തരത്തില്‍ റണ്‍വേ നിര്‍മ്മിച്ചതിന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് ഡി.ജി.സി.എ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് റണ്‍വേ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അപകടസാദ്ധ്യത ഒട്ടും കുറഞ്ഞില്ല. ഇതെല്ലാം ഡി.ജി.സി.എ ഗൗരവമായാണ് കാണുന്നത്. റണ്‍വേയുടെ ഇരുവശങ്ങളിലുമായി 100 മീറ്റര്‍ സ്ഥലം നിര്‍ബന്ധമായി വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍,​ കരിപ്പൂരില്‍ ഇത് 75 മീറ്റര്‍ മാത്രമാണ്.

Related posts

Leave a Comment