കരിപ്പൂര്‍ അപകടം; വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി, നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘം

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു.ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതിലെ വിവരങ്ങള്‍ വിമാന അപകടം സംഭവിച്ചത് എങ്ങിനെയെന്ന് കണ്ടെത്താന്‍ സാധിക്കും.

അപകടത്തിന് തൊട്ടുമുമ്ബ് വിമാനം എത്ര ഉയരത്തിലായിരുന്നു, അതിന്റെ സ്ഥാനം, വേഗത, പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മില്‍ നടത്തി സംഭാഷണങ്ങള്‍ എന്നിവയെല്ലാം ബ്ലാക് ബോക്‌സില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമാനത്താവളത്തില്‍ വിമാനം രണ്ടു തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം അതിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിമാനത്താവളത്തില്‍ ഒരു തവണ വലംവെച്ച ശേഷമാണ് പൈലറ്റ് വിമാനം നിലത്തിറക്കിയത്. എന്നാല്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ലാന്‍ഡിങ് സമയത്ത് വിമാനം അതീവ വേഗതയിലായിരുന്നുവെന്നും റണ്‍വേയില്‍ അത് നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ ഒന്നും ഉണ്ടായിരുന്നില്ല. സങ്കേതിക തകരാറുണ്ടെങ്കില്‍ ഈ വിവരം പൈലറ്റ് വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവറിനെ അറിയിച്ചിരിക്കും. അടിയന്തര ഘട്ടങ്ങളില്‍ അയക്കുന്ന എസ്‌ഒഎസ്(സേവ് ഔര്‍ സോള്‍സ്) സന്ദേശം പൈലറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണറിയുന്നത്. അതിനായി സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കാനായിരിക്കും പൈലറ്റ് ശ്രമിച്ചിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കരിപ്പൂര്‍ വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ പങ്കെടുക്കുന്ന അവലോകന യോഗം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചേരുന്നു. പരിക്കേറ്റവരുടെ ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പുറമെ ആരോഗ്യ മന്ത്രി കെകെ ഷൈലജ, മന്ത്രിമാരായ കെ ടി ജലീല്‍, വിഎസ് സുനില്‍ കുമാര്‍, എസി മൊയ്തീന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കോഴിക്കോട് , മലപ്പുറീ കലക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Related posts

Leave a Comment