കരിപ്പൂരിലെ വിമാനദുരന്തം: ലാന്‍റിംഗ് സമയത്ത് വേഗത കൂടുതലെന്ന് കണ്ടെത്തല്‍, വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചിരുന്നോ എന്നും പരിശോധിക്കും

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന് ലാന്‍റിംഗ് സമയത്ത് വേഗത കൂടുതലെന്ന് കണ്ടെത്തല്‍. എടിസിയിലെ ഉദ്യോഗസ്ഥരില്‍ നിന്നും അന്വേഷണ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. ഡിജിസിഎ അന്വേഷണ സംഘം വിമാനത്താവളത്തില്‍ നിന്നും റഡാര്‍ ചിത്രങ്ങള്‍ ശേഖരിച്ചു. എയര്‍ട്രോഫിക് കണ്‍ട്രോള്‍ റൂമിലെ ലോഗ് ബുക്ക് സീല്‍ ചെയ്തു. റണ്‍വേയുടെ പടിഞ്ഞാറു ഭാഗത്ത് (റണ്‍വേ 10) വിമാനം ഇറക്കാനുള്ള പൈലറ്റിന്റെ തീരുമാനം അപകടത്തിനു കാരണമായോ എന്ന് അന്വേഷണം.

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം ലാന്‍റിംഗ് നടത്തിയതുതന്നെ റണ്‍വേയുടെ മധ്യഭാഗത്തായാണ്. ഇക്കാര്യം എറ്റിസിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലും ഉള്‍പ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എടിസിയുടെ നിര്‍ദേശമനുസരിച്ച്‌ ആദ്യ ലാന്‍ഡിങ്ങിനു ശ്രമിച്ചത് പ്രൈമറി റണ്‍വേയിലായിരുന്നു. എന്നാല്‍ ദൂരക്കാഴ്ചയുടെ പ്രശ്നങ്ങളെത്തുടര്‍ന്നു ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ച്‌ വിമാനം വീണ്ടും പറന്നുയര്‍ന്നു. രണ്ടാം ശ്രമത്തില്‍ റണ്‍വേ 10ല്‍ ഇറങ്ങാന്‍ പൈലറ്റ് സ്വയം തീരുമാനിക്കുകയായിരുന്നു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 നോട്ടിക്കല്‍ മൈലിനു മുകളിലാണെന്നു മുന്നറിയിപ്പു ലഭിച്ചിരുന്നു. ബോയിങ് 747-800 വിമാനത്തിന് മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കാറ്റിനെ (ടെയില്‍ വിന്‍ഡ്) അതിജീവിക്കാനാകുമെന്നതാകാം ഈ റണ്‍വേ തിര‍ഞ്ഞെടുക്കാന്‍ പൈലറ്റിനെ പ്രേരിപ്പിച്ചത്.

എന്നാല്‍ ലാന്‍റിംഗ് സമയത്ത് വിമാനത്തിന് ഉണ്ടാകേണ്ട പരമാവധി വേഗത്തിലും കൂടുതലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കാലാവസ്ഥ കേന്ദ്രത്തിലെ രേഖകളും ശേഖരിച്ചിട്ടുണ്ട്. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനായി എന്‍ജിന്‍ പുറത്തെടുത്ത് പരിശോധിക്കും.

കരിപ്പൂര്‍ വിമാനാപകടത്തില്‍ സംസ്ഥാന പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മലപ്പുറം അഡീഷനല്‍ എസ്.പി. ജി.സാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ലാന്‍ഡിംഗ് സമയത്തെ അശ്രദ്ധ മൂലമാണ് അപകടമെന്നാണ് പോലീസ് എഫ്‌ഐആര്‍.

കരിപ്പൂരില്‍ വെള്ളിയാഴ്ചയുണ്ടായ വിമാനാപകടത്തില്‍ ഇന്നലെയാണ് പോലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഐപിസി , എയര്‍ക്രാഫ്റ്റ് ആക്‌ട് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താണ് പോലീസ് അന്വേഷണമാരംഭിച്ചിട്ടുള്ളത്. ലാന്‍ഡിംഗ് സമയത്തെ അശ്രദ്ധ മൂലമാണ് അപകടമെന്നാണ് പോലീസിന്റെ പ്രാഥമികമായ കണ്ടെത്തല്‍. കരിപ്പൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ എഫ്‌ഐആര്‍ മഞ്ചേരി സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. 30 അംഗ ടീമാണ് അന്വേഷണ സംഘത്തിലുള്ളത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍.

2017 ഓഗസ്റ്റില്‍ ലാന്‍ഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനം ഇതേ റണ്‍വേയില്‍ നിന്നു തെന്നി നീങ്ങി അപകടമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പിന്‍ചിറക് റണ്‍വേയില്‍ ഉരസിയ സംഭവവുമുണ്ടായി. തുടര്‍ന്ന് അന്വേഷണം നടത്തിയ ഡിജിസിഎ സമിതി റണ്‍വേ പത്തിന്റെ തുടക്കത്തില്‍ ചെരിവുള്ളതായും പാടുകളുള്ളതായും കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതാണ്.

Related posts

Leave a Comment