കരട്​ സമര്‍പ്പിച്ചില്ല; ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന്​ പി.ഡബ്ലിയു.സിയെ ഒഴിവാക്കി

തിരുവനന്തപുരം : ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന്​ പ്രൈസ്​ വാട്ടര്‍ഹൗസ്​ കൂപ്പേഴ്​സ്​ കമ്ബനിയെ സര്‍ക്കാര്‍ ഒഴിവാക്കി. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമയ പരിധി കഴിഞ്ഞിട്ടും പിഡബ്ല്യുസി കരാറിന്‍റെ കരട് സമര്‍പ്പിച്ചിക്കാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം പിഡബ്ല്യുസിയെ ഒഴിവാക്കാന്‍ പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

എന്നാല്‍ ഇ-മൊബിലിറ്റി പദ്ധതി സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്ബനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കമ്ബനിയുടെ ഓഡിറ്റിങ് വിഭാഗത്തിന് മാത്രമാണ് സെബി വിലക്കുള്ളത് എന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലുള്ള സ്‌പേസ് പാര്‍ക്ക് പദ്ധതിയിലേക്കു നിര്‍ദേശിച്ചതു കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആണെന്ന് സ്പേസ് പാര്‍ക്ക് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ സര്‍ക്കാര്‍
ഒഴിവാക്കിയത്. 4500 കോടി രൂപ മുടക്കി 3000 ഇലക്‌ട്രിക് ബസുകള്‍ വാങ്ങുന്ന പദ്ധതിയാണ് സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതി. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്ബനിയ്ക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരുന്നത്.

Related posts

Leave a Comment