കനത്ത മഴ, വെള്ളപ്പൊക്കം: തെലങ്കാനയില്‍ മരണം 30 ആയി

ഹൈദരാബാദ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തെലങ്കാനയില്‍ മരണം മുപ്പത് ആയി. ഹൈദരാബാദില്‍ മാത്രം രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പെടെ 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹൗസിങ്ങ് കോളനിയിലെ മതില്‍ വീടുകള്‍ക്കു മേല്‍ തകര്‍ന്നു വീണാണ് ഹൈദരാബാദില്‍ ഒമ്ബതു പേര്‍ മരിച്ചത്. ഇവിടെ അഞ്ചില്‍ അധികം ആളുകളെ കാണാനില്ല. പൊലിസും ഫയര്‍ഫോഴ്സും ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ബുധനാഴ്ച രാത്രിയാണ് നഗരത്തില്‍ കനത്ത മഴ ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ റോഡിലും കെട്ടിടങ്ങളിലും വെള്ളം കയറുകയായിരുന്നു. ഭൂരിഭാഗം പ്രദേശങ്ങളിലേയും റോഡുകള്‍ വെള്ളത്തിനടിയിലാണ്. ആയിരക്കണക്കിന് വീടുകളും വെള്ളത്തില്‍ മുങ്ങി. റോഡുകള്‍ മിക്കതും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി വിതരണം അവതാളത്തിലായിരിക്കുകയാണ്.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമായും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗ്മോഹന്‍ റെഡ്ഢിയുമായും സംസാരിച്ചിരുന്നു. ആന്ധ്രാപ്രദേശിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് പ്രളയ സഹായം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

കേരളത്തിലും ഇന്ന് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related posts

Leave a Comment