ന്യൂഡല്‍ഹി: രണ്ടുദിവസമായി തുടരുന്ന കനത്തമഴയെത്തുടർന്ന് വെള്ളക്കെട്ടില്‍ മുങ്ങി രാജ്യതലസ്ഥാനം. താഴ്ന്ന പ്രദേശങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
ഡല്‍ഹി, ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്.
പലയിടത്തും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. കനത്ത മഴ മെട്രോ സർവീസുകളെയും ബാധിച്ചു.
ഡല്‍ഹി ആസാദ് മാർക്കറ്റ് അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ ബസില്‍നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി.
തെക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ നിർമാണത്തിലിരുന്ന മതില്‍ തകർന്നു. ഏതാനും തൊഴിലാളികള്‍ അതിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
പ്രതീക്ഷിച്ചതിലും നേരത്തെ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ഡല്‍ഹിയില്‍ പ്രവേശിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡല്‍ഹിയില്‍ 154 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
കനത്ത മഴയില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ മേല്‍ക്കൂര തകർന്ന് ഒരാള്‍ മരിക്കുകയും എട്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മഴക്കെടുതി വിലയിരുത്താൻ ലഫ്. ഗവർണർ വി.കെ. സക്‌സേന ഇന്ന് ഡല്‍ഹി സർക്കാരിന്‍റെ ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു.
തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കണ്‍ട്രോള്‍ റൂം സജ്ജീകരിക്കാൻ അദ്ദേഹം ഉത്തരവിട്ടു.
ഡല്‍ഹിയിലെ എല്ലാ മന്ത്രിമാരും ഇന്ന് സെക്രട്ടേറിയറ്റില്‍ അടിയന്തര യോഗം ചേരും.