ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൃഷിയിടത്തില്‍ നിന്നും കര്‍ഷകന് കോടികള്‍ വിലമതിക്കുന്ന വജ്രം ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തുള്ള കച്ചവടക്കാരന് 1.2 കോടി രൂപയ്ക്ക് 30 കാരറ്റ് ഗുണമേന്മയുള്ള വജ്രം കര്‍ഷകന്‍ വിറ്റു.
ആന്ധ്രയിലെ കൂര്‍നൂല്‍ ജില്ലയിലെ ചിന്ന ജോനാഗിരി പ്രദേശത്തുള്ള കര്‍ഷകനാണ് കൃഷിയിടത്തില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന വജ്രം ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് മേല്‍മണ്ണ് ഇളകിയപ്പോഴാണ് വജ്രം കണ്ടത്.
സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് വിഷയത്തില്‍ ഇടപെടുന്നത്. കര്‍ഷകന് വജ്രം കിട്ടിയ കാര്യം പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇതിന് മുന്‍പും കൂര്‍നൂല്‍ ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് മേധാവി ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
കനത്ത മഴക്കാലത്തും അതിനു ശേഷവും ഈ പ്രദേശങ്ങളില്‍ വിലകൂടിയ രത്‌നക്കല്ലുകള്‍ മുന്‍പും കണ്ടെത്തിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മഴയ്ക്കു പിന്നാലെ ജോനാഗിരി, തുഗ്ഗളി, മഡിക്കേര, പാഗിഡിറായി,മഹാനന്ദി, മഹാദേവപുരം ഗ്രാമത്തിലെ ജനങ്ങള്‍ അവരുടെ കൃഷിയിടങ്ങളില്‍ രത്‌നങ്ങള്‍ തേടിയിറങ്ങുന്നത് പതിവാണെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.