കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ ഓടയിലേക്കു കാലുതെറ്റിവീണു; അഞ്ചുവയസുകാരനെ സുഭാഷ് പിടിച്ചുയര്‍ത്തിയത് പുതിയ ജീവിതത്തിലേക്ക്

തൃശൂർ: കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ ഓടയിലേക്കു കാലുതെറ്റിവീണ അഞ്ചുവയസുകാരനെ രക്ഷിച്ച്‌ ഓട്ടോ ഡ്രൈവര്‍.

പൊന്മാണി രാജുവിന്റെയും റോജിയുടെയും മകന്‍ റയാന്‍ (5) ആണു കിഴക്കുപുറം റോഡിലെ ഓടയില്‍ വീണത്.

ഓട്ടോ ഡ്രൈവര്‍ മേനോത്തുപറമ്ബില്‍ സുഭാഷ് ആണ് ഓടിയെത്തി കുട്ടിയെ രക്ഷിച്ചത്. സ്ലാബിനടിയില്‍കൂടി 10 മീറ്ററോളം ഒഴുകി അപ്പുറത്തെത്തിയപ്പോഴാണ് കുട്ടിയെ സുഭാഷ് രക്ഷിച്ചത്.

വെള്ളം കുടിച്ചതിന്റെ ബുദ്ധിമുട്ടുകളല്ലാതെ പരിക്കുകളൊന്നും കുട്ടിയുടെ ദേഹത്തില്ല. പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.

”ഞാൻ മരക്കമ്ബനിയുടെ മുന്നില്‍ ഓട്ടോ ഒതുക്കി ഇട്ടിരിക്കുകയായിരുന്നു. ആ സമയത്ത് ജോലി ഇല്ലാത്തതിനാല്‍ ചിലരോട് വർത്തമാനം പറഞ്ഞു നില്‍ക്കുമ്ബോഴാണ് കുട്ടിയും അമ്മയും അവിടേയ്ക്ക് വന്നത്.

ആ സമയം ശക്തമായ മഴയുണ്ടായിരുന്നു. ഓടയുടെ സ്ലാബ് നിറഞ്ഞ് വെള്ളം പോകുന്നുണ്ടായിരുന്നു. റോഡില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ കുട്ടിയെ അമ്മ അരികിലേക്ക് മാറ്റി നിർത്തി.

അമ്മ ഓട്ടോ വിളിക്കുന്നതിനിടയിലാണ് കുട്ടി സ്ലാബിനിടയിലൂടെ ഓടയിലേക്ക് പോയത്. അമ്മ നിലവിളിച്ചു കൊണ്ട് ഓടിയെത്തി.

കുട്ടി ഒഴുകി എതിർഭാഗത്തേക്ക് പോയിട്ടുണ്ടാകാമെന്ന് കണ്ടു നിന്നവർ വിളിച്ചു പറഞ്ഞു.

”സ്ഥലത്തെക്കുറിച്ച്‌ ധാരണയുള്ളതിനാല്‍ ഞാൻ ഓടി എതിർവശത്തെത്തി ഓടയിലേക്കിറങ്ങി. വെള്ളത്തിന് കുറുകേ നിന്നു.

കുട്ടി ഒഴുകി വന്നപ്പോള്‍ തൂക്കിയെടുത്ത് മുകളിലേക്ക് കയറ്റി. 14 സ്ലാബിന് അടിയിലൂടെയാണ് കുട്ടി ഒഴുകി വന്നത്.

മുട്ടിനു മുകളില്‍ വെള്ളം ഉണ്ടായിരുന്നു. കുട്ടി മുന്നോട്ടു പോയിരുന്നെങ്കില്‍ കൂടുതല്‍ ശക്തമായ ഒഴുക്കില്‍പ്പെടുമായിരുന്നു.

300 മീറ്റർ അകലെ ആഴമുള്ള ചാലിലേക്കാണ് ഈ ഓടയിലെ വെള്ളം ഒഴുകിയെത്തുന്നത്.” – സുഭാഷ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്കു 2 മണിയോടെ മനക്കൊടിയിലാണു സംഭവം.

റോഡിലൂടെ പോകുമ്ബോള്‍ എതിർദിശയില്‍നിന്നു വാഹനം വരുന്നതുകണ്ട് ഓടയ്ക്കു മുകളിലുള്ള സ്ലാബിലേക്കു കയറിനിന്നതായിരുന്നു റയാനും അമ്മ റോജിയും.

അമ്മയുടെ കയ്യില്‍ ഇളയകുഞ്ഞുമുണ്ടായിരുന്നു. വാഹനം പോയി തിരികെ റോഡിലേക്കു നടക്കുമ്ബോള്‍ കാലുതെറ്റി റയാൻ ഓടയുടെ സ്ലാബ് ഇല്ലാത്ത ഭാഗത്തേക്കു വീഴുകയായിരുന്നു.

Related posts

Leave a Comment