കനം കുറഞ്ഞ കയര്‍ ഉപയോഗിച്ച്‌ മെല്‍വിന്റെ കഴുത്ത് മുറുക്കികൊന്നു, പിന്നാലെ പിതാവ് ആത്മഹത്യചെയ്തു, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: അടൂർ ഏനാത്ത് കടികയില്‍ പിഞ്ചു മകനെ കൊന്ന ശേഷം പിതാവ് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന തരത്തിൽ പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

അടൂർ വടക്കടത്തുകാവ് കല്ലും പുറത്ത് പടിപ്പുരയില്‍ മാത്യു പി അലക്‌സ് (47), മൂത്ത മകന്‍ മെല്‍വിന്‍ മാത്യൂ (9) എന്നിവരാണ് മരിച്ചത്.

ഏനാത്ത് കടികയിലെ വാടകവീട്ടില്‍ മെല്‍വിന്റെ മൃതദേഹം നിലത്തു ഷീറ്റിലും മാത്യുവിന്റേത് സ്‌റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിയ നിലയിലുമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.

മാത്യുവിന്റെ ഇളയ മകന്‍ ആല്‍വിന്‍ രാവിലെ ഉണര്‍ന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ആല്‍വിന്റെ നിലവിളി കേട്ട് സമീപവാസികള്‍ എത്തി വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.

കനം കുറഞ്ഞ കയര്‍ ഉപയോഗിച്ച്‌ മെല്‍വിന്റെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം മാത്യു തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്റെ പ്രാഥമിക നിഗമനം.

എന്നാൽ മൃതദേഹ പരിശോധനയില്‍ മെല്‍വിന്റെ ശരീരത്തില്‍ പുറമേ മുറിവുകളോ പാടോ പോലീസ് കണ്ടെത്തിയിട്ടില്ലത്രെ. പിതാവിന്റെ മൃതദേഹം കണ്ട് മെല്‍വിന്‍ കുഴഞ്ഞു വീണ് മരിച്ചുവെന്നും ആദ്യം സംശയിച്ചിരുന്നു.

മാത്യുവും ഭാര്യ ആശയും വിദേശത്തായിരുന്നു. വിദേശത്തായിരുന്ന മാത്യു ഏറെ നാളായി നാട്ടിലുണ്ട്. ഭാര്യ വിദേശത്തു തന്നെ ജോലിയിലുമാണ്. വിവരമറിഞ്ഞ് മാത്യുവിന്റെ ഭാര്യ ആശ വിദേശത്ത് നിന്ന് നാട്ടിലെത്തിയി്ട്ടുണ്ട്.

മെല്‍വിന്‍ മാത്യൂ കിഴക്കുപുറം ഗവ. എച്ച്‌എസ്എസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. രണ്ടു മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മൃതദേഹ പരിശോധന റിപ്പോര്‍ട്ട് ഉപയോഗിച്ച്‌ തുടരന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment