കണ്ണീരാഴത്തില്‍ ആല്‍ഫിയ; ഒറ്റദിവസം നഷ്‌ടമായത്‌ ഭര്‍ത്താവിനെയും കൂടപ്പിറപ്പിനെയും

കരുനാഗപ്പള്ളി > ദാമ്ബത്യജീവീതത്തിന്റെ സന്തോഷ നിമിഷങ്ങളിലേക്ക്‌ കടന്നിട്ട്‌ ഒരുമാസം തികഞ്ഞില്ല. അതിനു മുമ്ബ്‌ ഭര്‍ത്താവ്‌ മരണക്കയത്തിലേക്ക്‌ ആഴ്‌ന്നുപോകുന്നത്‌ നേരിട്ടു കണ്ടതിന്റെ ആഘാതത്തിലാണ്‌ ആല്‍ഫിയ.

ഭര്‍ത്താവിനെ മാത്രമല്ല, ജീവനായ കൂടെപ്പിറപ്പിനെയും ഒരുമിച്ചാണ് ആല്‍ഫിയയ്ക്ക് നഷ്ടമായത്.

ഒക്ടോബര്‍ 18നായിരുന്നു ആല്‍ഫിയയും അന്‍സിലും തമ്മിലുള്ള വിവാഹം. സന്തോഷ നാളുകള്‍ വന്നുചേര്‍ന്നപ്പോഴാണ് ആല്‍ഫിയയുടെ കുടുംബം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഭര്‍ത്താവിനെയും കൂട്ടി രണ്ടു വാഹനത്തിലായാണ് ഇവര്‍ യാത്ര തിരിച്ചത്. തമിഴ്നാട് ഏര്‍വാടി പള്ളി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച്‌ തിരികെ മടങ്ങുമ്ബോഴാണ് രണ്ടു ജീവനുകള്‍ മരണം കവര്‍ന്നെടുത്തത്.

ചുഴിക്കുള്ളില്‍ മരണം പതിയിരിക്കുന്നത് അറിയാതെയാണ് തെന്മലയ്ക്കു സമീപം കല്ലടയാറ്റില്‍ ഉപ്പ അന്‍സാറും സഹോദരന്‍ അല്‍ത്താഫും ഭര്‍ത്താവ് അന്‍സിലും കുളിക്കാനിറങ്ങിയത്. ഉപ്പ കുളിച്ചുകയറിയെങ്കിലും അല്‍ത്താഫും അന്‍സിലും ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. മകനും മരുമകനും കണ്‍മുന്നില്‍ മുങ്ങിത്താഴുന്നത് കണ്ടത് അന്‍സാറിനെയും ഉലച്ചുകളഞ്ഞു. അലമുറയിട്ട് കരയുന്ന ആല്‍ഫിയയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കള്‍. വിദേശത്തായിരുന്ന അന്‍സില്‍ 25ന് മടങ്ങിപ്പോകാനിരിക്കെയാണ് ദുരന്തം.

Related posts

Leave a Comment