തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ബിനാമി ഇടപാടുകള്‍ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് കുരുക്ക് മുറുകി. സ്വപ്‌ന സുരേഷിന്റെയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലെ ലോക്കറില്‍ നിന്നാണ് എന്‍ഐഎ ഒരു കോടി രൂപയും സ്വര്‍ണവും കണ്ടെടുത്തത്.
സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ സിറ്റി ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വര്‍ണവും ഫെഡറല്‍ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപയുമാണ് എന്‍ഐഎ പിടിച്ചെടുത്തത്. സ്വപ്‌നയ്‌ക്കൊപ്പം ഈ ബാങ്കുകളില്‍ ജോയിന്റ് അക്കൗണ്ടുകള്‍ തുടങ്ങുന്നത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയത്. ശിവശങ്കറിന്റെയും സ്വപ്‌നയുടെയും ആദായനികുതി റിട്ടേണുകളടക്കം കൈകാര്യം ചെയ്തിരുന്ന ഇയാളുടെ ഓഫീസില്‍ നിന്നും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സ്വപ്‌നയെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ലോക്കറിലെ പണവും സ്വര്‍ണവും ശിവശങ്കറിന്റെ അറിവിലുള്ളതാണെന്നും മൊഴിനല്‍കി. ഇതോടെ ശിവശങ്കറിന് ബിനാമി ഇടപാടുകള്‍ ഉണ്ട് എന്ന നിഗമനത്തിലാണ് എന്‍ഐഎ.
1,85,000 ഡോളര്‍(1.38 കോടിരൂപ) ലഭിച്ചിട്ടുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയത്. ബിനാമി, ഹവാല ഇടപാടുകള്‍ പുറത്ത് വന്നതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ശിവശങ്കറിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്‌തെങ്കിലും സ്വപ്‌നയെ കസ്റ്റഡിയില്‍ കിട്ടിയിരുന്നില്ല. ഇപ്പോള്‍ സ്വപ്‌ന കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ വൈകാതെ ചോദ്യം ചെയ്യാന്‍ എന്‍ഐഎയും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും തീരുമാനിച്ചിട്ടുണ്ട്. അനധികൃത നിയമനത്തില്‍ സംസ്ഥാന വിജിലന്‍സും അന്വേഷണത്തിന് അനുമതി തേടി.