തിരുവനന്തപുരം: കഠിനംകുളം കൂട്ട ബലാത്സംഗ കേസിലെ പ്രതിയും യുവതിയുടെ ഭര്‍ത്താവുമായ അന്‍സാര്‍ ഭാര്യയെ സുഹൃത്ത് മുഖേന മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അന്‍സാറിന്റെ ഉറ്റ സുഹൃത്തായ രാജനായിരുന്നു ഇടനിലക്കാരന്‍. ഇയാള്‍ നേരത്തെയും ഇടനിലക്കാരനായി നിന്ന് പെണ്‍വാണിഭം നടത്തിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. വീട്ടില്‍ ഒതുങ്ങിക്കൂടുന്ന സ്വഭാവമായിരുന്നു യുവതിക്ക്. അതിനാല്‍ കള്ളം പറഞ്ഞ് രാജന്റെ വീട്ടിലേക്കെത്തിക്കുകയായിരുന്നു. അവിടെ ഇടപാടുകാരെ എത്തിക്കാനായിരുന്നു രാജന്‍ ലക്ഷ്യമിട്ടിരുന്നത്. അന്‍സാര്‍ ഭാര്യയെയും കൂട്ടി രാജന്റെ വീട്ടിലെത്തുമ്ബോള്‍ അവിടെ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഇവരുമായി എന്തോ സംസാരിച്ച് വഴക്കുണ്ടാക്കിയാണ് അന്‍സാര്‍ രാജന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. അവിടെയുണ്ടായിരുന്ന സ്ത്രീ ആരാണെന്നു സംബന്ധിച്ച് അന്വേഷിച്ചു വരികയാണ്. ഇവര്‍ പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണോയെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രാജന്റെ വീട്ടില്‍ ആള്‍ക്കാരെ എത്തിക്കാന്‍ പദ്ധതിയിട്ടെങ്കിലും ആ വീട്ടില്‍ വയസായ ഒരു സ്ത്രീ ഉണ്ടായിരുന്നതിനാല്‍ നടന്നില്ല. അതുകൊണ്ടാണ് യുവതിയെയും കൂട്ടി അക്രമികള്‍ കുറ്റിക്കാട്ടിലേക്കു പോയത്.
അതേ സമയം സംഭവം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പൊലീസിനു കിട്ടി. പ്രതികളില്‍ ഒരാള്‍ മാത്രമാണ് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്. മറ്റുള്ളവരെ ഭര്‍ത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്നു പ്രതികള്‍ സമ്മതിച്ചു. സുഹൃത്തും ഭര്‍ത്താവും ചേര്‍ന്നാണു യുവതിക്ക് മദ്യം നല്‍കിയത്. യുവതിയെ മറ്റുള്ളവര്‍ തട്ടിക്കൊണ്ടുപോയിട്ടും ഭര്‍ത്താവും സുഹൃത്തും വീട്ടില്‍ തുടര്‍ന്നതായും വിവരമുണ്ട്. കേസിലെ ഏഴു പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്. ഒളിവില്‍ പോയ ചാന്നാങ്കര സ്വദേശി നൗഫലിനെ പൊലീസ് ഞായറാഴ്ച പിടികൂടി. ഭര്‍ത്താവ്, ചാന്നാങ്കര ആറ്റരികത്ത് വീട്ടില്‍ മന്‍സൂര്‍ (30), അക്ബര്‍ഷാ (25), അര്‍ഷാദ് (26), മനോജ് (26) വെട്ടുതുറ സ്വദേശി രാജന്‍(65) എന്നിവര്‍ കഴിഞ്ഞ ദിവസം തന്നെ പൊലീസ് വലയിലായിരുന്നു. 4 വയസ്സുള്ള കുട്ടിയെ മര്‍ദിച്ചതിന് പോക്‌സോ നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികള്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. ശരീരത്തില്‍ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്റെ ഉള്‍പ്പെടെ കാര്യമായ പരുക്കുണ്ട്.