കൊയിലാണ്ടി: കാപ്പാട് – കൊയിലാണ്ടി റോഡ് ശക്തമായ കടല്‍ക്ഷോഭത്തില്‍ തകർന്നു.
വാഹന ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തി തകർന്നു റോഡില്‍ കുഴി രൂപപ്പെട്ടു.
കഴിഞ്ഞ പ്രളയകാലത്ത് തകർന്ന ഭാഗങ്ങള്‍ തന്നെയാണ് ഇപ്പോഴും കടലിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ
കൊയിലാണ്ടി പഴയ മാർക്കറ്റില്‍നിന്ന് കാട്ടിലപ്പീടികവരെ എത്താൻ കഴിയുന്ന റോഡിലെ യാത്ര ദുരിതമായി.
നേരത്തേ റോഡ് തകർന്നപ്പോള്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും എം.എല്‍.എ കാനത്തില്‍ ജമീലയും
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി റോഡിന്റെ നിർമാണം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉടൻ പൂർത്തീകരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.
ഗോവൻ കടല്‍തീരത്തെ റോഡുകള്‍പോലെ നിർമിക്കുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍, ക്വാറി വേസ്റ്റ് കൊണ്ട് കുഴി നികത്തിയതല്ലാതെ രണ്ടുവർഷമായിട്ടും ഒന്നും നടന്നില്ല.
കൊയിലാണ്ടി ഫിഷിങ് ഹാർബർ വന്നതോടെയാണ് ഇവിടെ തിരകള്‍ ശക്തമായതെന്ന് കാപ്പാട് തീരത്തെ താമസക്കാർ പറയുന്നു.
ഇതൊഴിവാക്കാൻ ഇവിടെ പുലിമുട്ട് പണിയുമെന്നും അന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍, തുടർ പ്രവൃത്തികള്‍ യാതൊന്നും ഉണ്ടായില്ലെന്നാണ് ജനം പരാതിപ്പെടുന്നത്.
റോഡില്‍ കുഴികള്‍ രൂപപ്പെട്ട സ്ഥലത്ത് പഴയ ടാർവീപ്പയില്‍ റോഡ് അപകടത്തില്‍ എന്ന അറിയിപ്പല്ലാതെ മറ്റൊരു മുൻകരുതലും അധികൃതർ ചെയ്തില്ല.
ദേശീയപാത വികസനത്തെതുടർന്ന് വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് ഉണ്ടാവുന്ന ഗതാഗതതടസ്സം മറികടക്കുവാൻ ഈ വഴിയാണ് സ്വകാര്യ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.
കാര്യമറിയാതെ എത്തുന്ന ദീർഘദൂര യാത്രക്കാർ ഈ വഴി വന്നാല്‍ അപകടത്തില്‍പെടാനും സാധ്യതയുണ്ട്.
കോണ്‍ക്രീറ്റ് തൂണുകള്‍ കടല്‍തീരത്ത് നിർമിച്ച് പാലം പണിതാലേ റോഡ് ഇടിഞ്ഞു താഴുന്നത് ഒഴിവാക്കാൻ കഴിയുള്ളൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.