നെടുമങ്ങാട്: കഴക്കൂട്ടം ജംഗ്ഷനില്‍ വിദ്യാര്‍ത്ഥിനികളുടെ വീഡിയോ ദൃശ്യം പകര്‍ത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം.
ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. എ.ഐ.എസ്.എഫ് ലോക്കല്‍ കമ്മിറ്റി അംഗം അഭിഷേകിനാണ് പൊലീസ് മര്‍ദ്ദനമേറ്റത്.
പൊലീസ് സംഘമെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് എസ്.ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് ആരോപണം. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ചാക്ക ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ അഭിഷേക് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
സഹപാഠികളോട് സംസാരിക്കുന്നതിനിടെ സദാചാര പൊലീസ് ചമഞ്ഞ് വീഡിയോ ദൃശ്യം പകര്‍ത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിക്ക് നേരെയാണ് പൊലീസ് അതിക്രമമെന്നാണ് പരാതി.വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കഴക്കൂട്ടം പൊലീസിനെതിരെ ആഭ്യന്തരവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും എ.ഐ.എസ്.എ മണ്ഡലം പ്രസിഡന്റ് അഖില ഷെയ്ക്കും സെക്രട്ടറി അബ്ദുള്ളക്കുട്ടിയും അറിയിച്ചു.