‘കങ്കണമാര്‍ അക്രമത്തിന് അലറിവിളിക്കുമ്ബോഴാണ് അന്യന്റെ വേദന ഏറ്റെടുത്ത് പൃഥ്വിരാജിന്റെ പ്രതികരണം’; പ്രിയനന്ദനന്‍

ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജിന് എതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ പ്രിയനന്ദനന്‍. കലാകാരന്മാര്‍ സമൂഹത്തില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുന്ന അക്വേറിയം ജീവികളല്ല, കങ്കണ റണൗട്ടുമാര്‍ അക്രമത്തിന് അലറിവിളിക്കുമ്ബോഴാണ് അന്യന്റെ വേദന ഏറ്റെടുക്കുന്നതാണ് കലാകാരരുടെ ദൗത്യം എന്ന് പൃഥ്വിരാജ് ഉറപ്പിച്ച്‌ തെളിയിക്കുന്നതെന്നും പ്രിയനന്ദനന്‍ പറഞ്ഞു.

കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെ പിന്തുണ ഏതാണ്ട് ഒരു ലക്ഷം മാത്രം വരുന്ന ദ്വീപ് നിവാസികള്‍ക്ക് ലഭിക്കാനും അവിടുത്തെ പ്രശ്‌നങ്ങളെ സജീവ ചര്‍ച്ചാവിഷയമാക്കാനും പൃഥിരാജിന് സാധിച്ചുവെന്നും പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ലക്ഷദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്ന ജനാവകാശലംഘനത്തെ ക്കുറിച്ച്‌ പൃഥ്വിരാജ് എഴുതിയ കുറിപ്പ് വിവാദമായിരിക്കുകയാണല്ലോ. കേരളവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ദ്വീപ് നിവാസികളുടെ സ്വച്ഛജീവിതത്തിന് മേല്‍ വന്ന് വീണ ദുരിതങ്ങളിലേയ്ക്ക് വലിയ വെളിച്ചം വീശാന്‍ പൃഥിരാജിന്റെ കുറിപ്പിന് കഴിഞ്ഞു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെ പിന്തുണ ഏതാണ്ട് ഒരു ലക്ഷം മാത്രം വരുന്ന ദ്വീപ് നിവാസികള്‍ക്ക് ലഭിക്കാനും അവിടുത്തെ പ്രശ്‌നങ്ങളെ സജീവ ചര്‍ച്ചാവിഷയമാക്കാനും പൃഥിരാജിന് സാധിച്ചു.

കലാകാരര്‍ സമൂഹത്തില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുന്ന അക്വേറിയം ജീവികളല്ല. സിനിമ ഉണ്ടാകുന്നതും പ്രദര്‍ശിപ്പിക്കുന്നതും ജനങ്ങള്‍ക്കിടയിലാണ്. അതിനാല്‍ നടന്റെ ജീവിതം തിരശ്ശീലയില്‍ മാത്രമല്ല. അതിന് പുറത്ത് ഒരു പൗരജീവിതം കൂടി അവര്‍ക്കുണ്ട്. ഓരോ ജനകീയ സ്പന്ദനങ്ങളും അവരിലൂടെയും കടന്നു പോകുന്നുണ്ട്. കലാകാരര്‍ വായ് തുറക്കുന്നത് തിരക്കഥയില്‍ എഴുതി വെച്ചിട്ടുള്ള സംഭാഷണങ്ങള്‍ പറയാന്‍ മാത്രമാകരുത്. എങ്കില്‍ മാത്രമേ അവരുടെ പൗരജീവിതം അര്‍ത്ഥപൂര്‍ണ്ണമാകൂ.

ആ കൃത്യമാണ് പൃഥ്വിരാജ് അനുഷ്ഠിച്ചത്. തികഞ്ഞ ധൈര്യത്തോടെയും ആത്മാര്‍ത്ഥതയോടെയും തന്റെ മനസ്സ് വെളിപ്പെടുത്തിയ പൃഥ്വിരാജിന്റെ വിവേകത്തിനെ ചേര്‍ത്ത് പിടിച്ച്‌ ഒരു സിനിമാ സലാം.

കങ്കണ റണൗട്ടുമാര്‍ അക്രമത്തിന് അലറിവിളിക്കുമ്ബോഴാണ് അന്യന്റെ വേദന ഏറ്റെടുക്കുന്നതാണ് കലാകാരരുടെ ദൗത്യം എന്ന് പൃഥ്വിരാജ് ഉറപ്പിച്ച്‌ തെളിയിക്കുന്നത്. ദുഷ്ടശക്തികള്‍ കുരയ്ക്കുമ്ബോഴും വിവേകം നിര്‍ഭയമായി സഞ്ചരിക്കട്ടെ.

https://www.facebook.com/priyanandanan.tr/posts/4199120953460150

Related posts

Leave a Comment