കക്കയത്ത് കൊല്ലപ്പെട്ട അബ്രഹാമിന്റെ സംസ്കാരം ഇന്ന്; കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വെക്കുമെന്ന് വനംവകുപ്പ്

കോഴിക്കോട്‌ : കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ സംസ്കാരം ഇന്ന്.

കക്കയം സെൻ്റ് സെബാസ്റ്റ്യൻ ചർച്ചില്‍ വൈകിട്ടാണ് സംസ്കാരം. കക്കയം പാലാട്ടില്‍ ഏബ്രഹാമാ(70)ണു മരിച്ചത്‌.

കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. കക്കയം മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാണെങ്കിലും ജീവാപായം ആദ്യമാണ്‌.

വന്യജീവി അക്രമത്തില്‍ പ്രതിഷേധിച്ച്‌ കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് എല്‍ഡിഎഫ് – യുഡിഎഫ് ഹർത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അക്രമകാരിയായ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ദൗത്യ സംഘം ഇന്ന് കക്കയത്തെത്തും.

അബ്രഹാമിൻ്റെ കുടുംബത്തിന് അടിയന്തര ധനസഹായമായ 10 ലക്ഷം രൂപ ഇന്ന് കൈമാറും.

ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെ, കക്കയം ഡാം സൈറ്റ്‌ റോഡിലെ കൃഷിയിടത്തിലാണ്‌ ഏബ്രഹാമിനെ കാട്ടുപോത്ത്‌ ആക്രമിച്ചത്‌.

പിന്നില്‍നിന്നുള്ള കുത്തേറ്റ്‌ ദേഹത്ത്‌ ആഴത്തില്‍ മുറിവേറ്റു.

നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഏബ്രഹാമിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

ഏബ്രഹാമിനെ ആക്രമിച്ച കാട്ടുപോത്ത്‌ സമീപത്തുതന്നെ നിലയുറപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ഒരു കിലോമീറ്ററോളം ചുമന്നാണ്‌ ഏബ്രഹാമിനെ വാഹനത്തില്‍ കയറ്റിയത്‌.

മൃതദേഹം മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയിലേക്കു മാറ്റാന്‍ ശ്രമിക്കവേ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന്‌ തടഞ്ഞു.

സ്‌ഥലത്തെത്തിയ പോലീസുമായി ഉന്തും തള്ളുമുണ്ടായി. കുടുംബത്തിന്‌ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം,

കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിടുക, വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ കോഴിക്കോട്‌ പോലീസ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചനടത്തി.

കാട്ടുപോത്തിനെ മയക്കുവെടിവയ്‌ക്കാന്‍ ജില്ലാ കലക്‌ടര്‍ ഉത്തരവിടുമെന്ന്‌ ഉറപ്പുനല്‍കിയശേഷമാണു മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റാന്‍ സാധിച്ചത്‌.

ജനവാസമേഖലയില്‍ കാട്ടുപോത്ത്‌ ഇറങ്ങിയതിനേത്തുടര്‍ന്ന്‌ കക്കയം വിനോദസഞ്ചാരമേഖല അടച്ചിരുന്നു.

Related posts

Leave a Comment