സൈബര്‍ ആക്രമണത്തിലൂടെ താന്‍ ചതിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവ സംവിധായകനായ എസ് ആര്‍ സൂരജ്. താനും കൂട്ടരും ഷൂട്ട് ചെയ്ത വെബ് സീരീസുകളുടെയും പരസ്യങ്ങളുടെയും വിഷ്വലുകള്‍ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയെന്നും വിട്ട് കിട്ടണമെങ്കില്‍ ഭീമമായ പണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നതായും സംവിധായകന്‍ പറയുന്നു.
തങ്ങളുടെ വിഷ്വലുകള്‍ കോപ്പി ചെയ്തിരുന്ന കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് 950 ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എന്ന് സൂരജ് പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് സൂരജ് അവസ്ഥ വിശദീകരിച്ചിരിക്കുന്നത്. നാല് വര്‍ക്കുകളുടെ വിഷ്വലുകള്‍ ഇവര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിവച്ച വിഷ്വലുകള്‍ ഇനി വീണ്ടും ചിത്രീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
ഹാക്ക് ചെയ്ത ഫോള്‍ഡറുകള്‍ ഓപ്പണ്‍ ചെയ്യണമെങ്കില്‍ 950 ഡോളറുകള്‍ നല്‍കണമെന്ന മെസ്സേജും നല്‍കിയിട്ടുണ്ട്. 74 മണിക്കൂറിനുള്ളില്‍ പണം കൊടുക്കുകയാണെങ്കില്‍ 490ഡോളര്‍ നല്‍കിയാല്‍ മതിയെന്നും ഇവര്‍ ഓഫര്‍ നല്‍കിയിട്ടുണ്ട്. നിരവധി സൈബര്‍ വിദഗ്ധരെ സീപിച്ചെങ്കിലും ആര്‍ക്കും ഫോള്‍ഡറുകള്‍ വീണ്ടെടുക്കാന്‍ സാധിക്കുന്നില്ല. പട്ടിണി കിടന്നും കടംവാങ്ങിയും ഷൂട്ട് ചെയ്ത് ദൃശ്യങ്ങളാണെന്നും ജീവിതം കൈവിട്ട അവസ്ഥയിലാണെന്നും സൂരജ് പറയുന്നു.