കാക്കനാട്: ഓഹരിവിപണിയില്‍ നിക്ഷേപിച്ച് ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ദമ്പതികള്‍ പണം ധൂര്‍ത്തടിച്ചത് ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളില്‍.
മാസ്റ്റേഴ്സ് ഫിന്‍സര്‍വ് ഷെയര്‍ ട്രേഡിങ് സ്ഥാപന ഉടമ വാഴക്കാല സ്വദേശി എബിന്‍ വര്‍ഗീസും കമ്പനി ഡയറക്ടറായിരുന്ന ഭാര്യ ശ്രീരഞ്ജിനിയും 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക കണ്ടെത്തല്‍.
കാക്കനാട് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 19 വരെ റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
എണ്‍പത്തഞ്ച് കോടിയിലധികം തട്ടിയെടുത്തതായി 119 പരാതികളാണ് ലഭിച്ചതെന്ന് ഡിസിപി വി ശശിധരന്‍ പറഞ്ഞു.
ആറ് കേസ് രജിസ്റ്റര്‍ ചെയ്തു. മാസ്റ്റേഴ്സ് ക്ലബ് എന്നപേരില്‍ എറണാകുളം കേന്ദ്രീകരിച്ച് ക്രിക്കറ്റ് ടീമും എബിന്‍ രൂപീകരിച്ചിരുന്നു.
2013ല്‍ മാസ്റ്റേഴ്സ് ഫിന്‍കോര്‍പ് എന്ന സ്ഥാപനമാണ് ഇവര്‍ ആദ്യം ആരംഭിച്ചത്. ഓഹരിവിപണിയില്‍ 2017 വരെ പണം നിക്ഷേപിച്ച് ഇടപാടുകള്‍ നടത്തിയിരുന്നു.
ഓഹരി ഇടപാടുകളില്‍ നഷ്ടം വന്നതിനെത്തുടര്‍ന്നാണ് ഗോവയില്‍ പോയി ചൂതാട്ടം നടത്തി കോടികള്‍ ധൂര്‍ത്തടിച്ചത്.
വിവിധ രാജ്യങ്ങളില്‍ കറങ്ങി ആഡംബര ജീവിതമാണ് ഇരുവരും നയിച്ചിരുന്നത്. 2017ലാണ് മാസ്റ്റേഴ്സ് ഫിന്‍സെര്‍വ് ആരംഭിച്ചത്.
2022 നവംബര്‍ 29ന് ദുബായിലേക്ക് കടന്ന ഇവര്‍ അവിടെയാണ് ഒളിവില്‍ താമസിച്ചിരുന്നത്. നിക്ഷേപകരില്‍നിന്ന് വാങ്ങിയ പണം ഉപയോഗിച്ച് എറണാകുളത്ത് മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ എബിന്‍ ആരംഭിച്ചു.
തൃക്കാക്കരയില്‍ ശ്രീരഞ്ജിനിയുടെ പേരില്‍ രണ്ട് ആഡംബര ഫ്ലാറ്റും സ്വന്തമാക്കി. വാഴക്കാലയില്‍ ഇവര്‍ക്ക് വീടുണ്ടായിരുന്നതായും സൂചനയുണ്ട്.
മാസ്റ്റേഴ്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് എം എ ജേക്കബ് ഷിജോ, അഡ്മിനിസ്ട്രേറ്റര്‍ എ വി ഷോണ്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. ഇവരുടെ പേരുകളും പരാതികളിലുണ്ട്.