ന്യൂഡല്‍ഹി : രാജ്യത്തെ ബാങ്കുകളെയടക്കം കബളിപ്പിച്ച് ശതകോടികള്‍ കവര്‍ന്ന ശേഷം ഏതെങ്കിലും ചെറു രാജ്യത്ത് പൗരത്വവും സ്വീകരിച്ച് സുഖിക്കുന്ന കോടീശ്വരന്‍മാര്‍ നിരവധിയാണ്. ഒരിക്കലും തങ്ങളെ തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ വരില്ലെന്ന വിശ്വാസവും, താമസിക്കുന്ന സ്ഥലത്തെ വിലയ്‌ക്കെടുക്കാനാവുന്ന ഭരണകൂടങ്ങളുടെ ഉറപ്പുമാണ് ഇവരുടെ ആത്മവിശ്വാസം കൂട്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പായിരിക്കുകയാണ് ഇന്ത്യയുടെ ‘ഓപ്പറേഷന്‍ ചോക്സി’
ഇന്ത്യയില്‍ നിന്നും കോടികള്‍ കബളിപ്പിച്ച് മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്സി, കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചെറുദ്വീപ് രാഷ്ട്രമായ ഡൊമിനിക്കയില്‍ വച്ച് അറസ്റ്റിലായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഡൊമിനിക്കയുടെ അയല്‍ രാജ്യമായ ആന്റിഗ്വയിലാണ് ഏറെ നാളായി ചോക്സി താമസിക്കുന്നത്. ഇന്ത്യയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി ആ രാജ്യത്തിന്റെ പൗരത്വവും ഇയാള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം ചോക്സി ഡൊമിനിക്കയില്‍ വച്ച് അറസ്റ്റിലായി എന്ന വിവരമാണ് മാദ്ധ്യമങ്ങളില്‍ വന്നത്, തൊട്ടു പിന്നാലെ ഇന്ത്യയില്‍ നിന്നും ഒരു ചെറു വിമാനം ഡൊമിനിക്കയില്‍ ലാന്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ‘ഓപ്പറേഷന്‍ ചോക്സി’യുടെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഡൊമിനിക്കയില്‍ ലാന്റ് ചെയ്ത ചെറുവിമാനത്തില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ട് എന്‍ ഡി ടിവിയാണ് പുറത്ത് വിട്ടത്. ആ റിപ്പോര്‍ട്ടിലെ വിവരം ഇപ്രകാരമാണ്.
മെഹുല്‍ അറസ്റ്റിലായി എന്ന വിവരം അറിഞ്ഞതിന് തൊട്ടു പിന്നാലെ എട്ടംഗ ഇന്ത്യന്‍ സംഘം ഡൊമിനിക്കയില്‍ ലാന്റ് ചെയ്യുകയായിരുന്നു. രാജ്യത്തെ വിവിധ ഏജന്‍സികളില്‍ നിന്നുള്ള അംഗങ്ങള്‍ ഈ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിബിഐയില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പായിട്ടുണ്ട്. ഇത് കൂടാതെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും മിഷന്‍ ചോക്സിയുടെ ഭാഗമാണെന്ന് അറിയുന്നു. ഇന്ത്യയുടെ നീക്കങ്ങള്‍ മണത്തറിയാതിരിക്കാന്‍ ഖത്തറില്‍ നിന്നും വാടകയ്‌ക്കെടുത്ത ചെറുവിമാനത്തിലാണ് സംഘം എത്തിയത്.
നാളെ മെഹുല്‍ ചോക്സിയെ ഡൊമിനിക്കയില്‍ കോടതിയില്‍ ഹാജരാക്കും. ഡൊമിനിക്കന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ഇന്ത്യന്‍ സംഘം ഇയാളുടെ ഭൂതകാല പ്രവര്‍ത്തികള്‍ സംബന്ധിച്ച രേഖകള്‍ നല്‍കി സഹായിക്കും. തുടര്‍ന്ന് കോടതി അനുമതിയോടെ ഇന്ത്യയിലേക്ക് അതേ വിമാനത്തില്‍ കൊണ്ടുവരാനാണ് തയ്യാറെടുക്കുന്നത്. ഇതിനായി ഡഗ്ലസ്ചാള്‍സ് വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വെയ്സിന്റെ എ7സിഇഇ ചെറു വിമാനം നിലയുറപ്പിച്ചിരിക്കുകയാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങുന്ന നിമിഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
വീഴ്ത്തിയത് പെണ്‍ കെണിയില്‍ ?
സാമ്ബത്തിക തട്ടിപ്പ് കേസില്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്സിയോടൊപ്പം ഡൊമിനിക്കയില്‍ എത്തിയത് കാമുകിയല്ലെന്ന് റിപ്പോര്‍ട്ട്. ചോക്സിയെ തട്ടിക്കൊണ്ട് പോകാന്‍ നിയോഗിക്കപ്പെട്ട സംഘത്തില്‍പ്പെട്ടയാളായിരുന്നു ആ സ്ത്രീയെന്ന് ചോക്സിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ചോക്സിയെ പിടികൂടാനായി ഇവര്‍ ആന്റിഗ്വയില്‍ താമസിക്കുകയായിരുന്നു. പ്രഭാത സായാഹ്ന സവാരികള്‍ക്കിടെയാണ് ചോക്സി സ്ത്രീയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട്, മേയ് 23ന് സ്ത്രീയുടെ ക്ഷണപ്രകാരം അവരുടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ ചോക്സിയെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവരാണ് ചോക്സിയെ ഡൊമിനിക്കയില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാമുകിക്കൊപ്പം ഡൊമിനിക്കയില്‍ കറങ്ങാന്‍ എത്തിയപ്പോള്‍ ഹോട്ടലില്‍ വച്ച് പിടികൂടി എന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ചോക്സി കാമുകിയോടൊപ്പം ഡൊമിനിക്കയിലേക്ക് റൊമാന്റിക് ട്രിപ്പ് നടത്തുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്ന് ആന്റിഗ്വന്‍ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ചോക്സിയുടേതായി പുറത്ത് വന്ന ചിത്രങ്ങളില്‍ മുഖത്തും കൈയിലും നീരു വന്ന് വീര്‍ത്ത പരിക്കുകളുണ്ടായിരുന്നു. ഇത് ബലപ്രയോഗം നടന്നു എന്ന തെളിവാണ് നല്‍കുന്നത്. നിലവില്‍ ചോക്സി റൊസൗവിലെ ഡൊമിനിക്കചൈന ഫ്രണ്ട്ഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലാണ്.