ന്യൂദല്‍ഹി : ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും ആമസോണ്‍ നെറ്റ്ഫ്‌ളിക്‌സ് എന്നിവയ്ക്ക് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ഓടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നത്.
ആമസോണ്‍ നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പടെയുള്ള ഓടിടി പ്ലാറ്റ്‌ഫോമുകളെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കീഴിലാക്കി. ഇതോടെ ഇവയ്ക്ക് നിയന്ത്രണം കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കി കഴിഞ്ഞു.
ടിവി ചാലനുകള്‍ക്കും മറ്റ് പരമ്ബരാഗത മാധ്യമങ്ങള്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഇനി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടി ബാധകമാകും. നിലവില്‍ വാര്‍ത്താ പോര്‍ട്ടലുകളും മറ്റും ആരംഭിക്കാന്‍ കാര്യമായ നിയമനടപടികളൊന്നും പൂര്‍ത്തിയാക്കേണ്ടതില്ല. അതുകൊണ്ടുതന്നെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എങ്ങിനെയാണെന്ന് വ്യക്തത വന്നിട്ടില്ല.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി എത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തുടര്‍ന്ന് ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനായി എന്ത് സംവിധാനമാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്ന് ആരാഞ്ഞ് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്.