കൊച്ചി > ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ ആലുവ പൊലീസ് കേസെടുത്തു.
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് മീനാക്ഷി പരാതി നല്‍കിയിരിക്കുന്നത്. അച്ഛനൊപ്പമുള്ള ജീവിതം മതിയായെന്നും അച്ഛന്റെ യഥാര്‍ഥ സ്വഭാവം തിരിച്ചറിഞ്ഞ മീനാക്ഷി അമ്മ മഞ്ജുവിന്റെ അടുത്തേക്ക് പോവുകയാണെന്നും മറ്റുമുള്ള തലക്കെട്ടുകളോടെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇത് വ്യാപകമായി പ്രചരിക്കുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
മലയാളത്തിലെ വിവിധ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. മലയാളി വാര്ത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോന് എന്നീ ഓണ്ലൈന് പോര്ട്ടലുകള്ക്കെതിരെയും അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്ക്കെതിരെയുമാണ് പരാതി.
ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആലുവ ഈസ്റ്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.