തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിക്ടേഴ്സ് ചാനല്‍ . രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും സംപ്രേക്ഷണം. കാര്യങ്ങള്‍ ഈ നിലയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ഒന്നര മാസം വരെയേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കേണ്ടി വരൂ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.
എസ്‍.സി.ഇ.ആര്‍.ടിയിലെ മികച്ച അദ്ധ്യാപകര്‍ നയിക്കുന്ന ക്ലാസുകളാണ് വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യുക. സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളുടെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. അര മണിക്കൂര്‍ ദൈര്‍ഘ്യമുളള ക്ലാസുകള്‍ ആയിരിക്കും നല്‍കുക. ടൈംടേബിളുകളാക്കി നല്‍കുകയാണ് അടുത്തഘട്ടം. രണ്ട് ദിവസത്തിനുളളില്‍ ടൈംടേബിള്‍ പുറത്തിറക്കാനാവും എന്നാണ് കരുതുന്നത്.
കുട്ടികള്‍ക്ക് അദ്ധ്യാപകരുമായി സംവദിക്കാന്‍ ചാനല്‍ വഴിയുളള ക്ലാസുകള്‍ക്ക് അവസരമില്ല എന്നത് പ്രധാന പോരായ്മയായി ചിലര്‍ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളെ സാധാരണ ക്ലാസുകളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്.