ഓണപരീക്ഷപേപ്പറില്‍ മാര്‍ക്ക് കുറയുമെന്ന ഭയം: ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥി ഭാവനയില്‍ വിരിയിച്ചെടുത്തത് തട്ടിക്കൊണ്ടുപോകല്‍ കഥ: കാര്‍ യാത്രക്കാരെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു!

എടവണ്ണപ്പാറ: ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കാര്‍ യാത്രക്കാരെ ഒരു കൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ ഭാവനയില്‍ വിരിഞ്ഞ കഥയാണ് തട്ടിക്കൊണ്ടുപോകലെന്ന് വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. ചെത്തുപാലത്ത് ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം.

സ്കൂളിലേക്ക് പോകാന്‍ ചെത്തുപാലം ബസ് സ്റ്റോപ്പിലിരുന്നപ്പോള്‍ രണ്ടുപേര്‍ കാറില്‍ നിന്നിറങ്ങി തന്റെ അടുത്ത് വന്ന് തുറന്നിട്ട കാറിലേക്ക് തള്ളി കയറ്റാന്‍ ശ്രമിച്ചെന്നും, കുതറിയോടിയെന്നും വിദ്യാര്‍ത്ഥി നാട്ടുകാരോട് പറഞ്ഞു. കുട്ടിയുടെ യൂണിഫോം കീറുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പിതാവിനൊപ്പം വാഴക്കാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയം തോന്നിയ വാഹനങ്ങളൊക്കെ പൊലീസ് പരിശോധിച്ചു. അതിനിടയില്‍ സംശയം തോന്നിയ രണ്ടുപേരോട് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.പൊലീസ് പറഞ്ഞതനുസരിച്ച്‌ സ്റ്റേഷനിലേക്ക് പോകുമ്ബോള്‍ ഇവരെ ഒരുകൂട്ടം ആളുകള്‍ ക്രൂരമായി മ‌ര്‍ദ്ദിച്ചു. പരിക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എല്ലാം കെട്ടുകഥയാണെന്നറിയുന്നത്. ഓണപരീക്ഷ പേപ്പര്‍ ലഭിക്കുന്ന ദിവസമായിരുന്നു തിങ്കളാഴ്ച. അതില്‍ മാര്‍ക്ക് കുറയുമെന്ന ഭയം കുട്ടിക്കുണ്ടായിരുന്നു. കൂടാതെ ഒരു സുഹൃത്തുമായി എന്തോ വിഷയത്തിന് പന്തയംവച്ച പണം നല്‍കാനുമുണ്ടായിരുന്നു. ഈ കാരണങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ത്ഥി ഇത്തരത്തിലൊരു നാടകം ആസൂത്രണം ചെയ്തത്. ഷര്‍ട്ട് സ്വയം വലിച്ച്‌ കീറുകയായിരുന്നു. അതേസമയം കാര്‍ യാത്രക്കാരെ ആക്രമിച്ച സംഭവത്തിലും പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന കുറച്ച്‌ പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related posts

Leave a Comment