ഓണത്തിന്റെയും പൂവിളിയുടെയും ഗൃഹാതുരത്വമൂറുന്ന ഓര്‍മ്മകളുമായി ഇന്ന് അത്തം. അത്തമെത്തിയതോടെ മലയാളി ഓണം തൊട്ടറിയുകയാണ്. ഇനിയുളള 10 ദിവസം മലയാളികള്‍ക്ക് ആഘോഷത്തിന്റേതാവും.
അത്തം പിറന്ന് പത്തുദിവസം കഴിഞ്ഞാല്‍ തിരുവോണമായി. ഗ്രാമാന്തരീക്ഷത്തില്‍ പൂവിളികളുടെ ഗൃതാരുത്വമൂറുന്ന ശബ്ദം അലയടിക്കുമ്ബോള്‍ കേരളവും മലയാളികളും മാവേലിത്തമ്ബുരാനെ വരവേല്‍ക്കാനൊരുങ്ങുന്നു.
ഓണപ്പാട്ടും, പൂവിളികളുമായി മലയാളിയുടെ മനസ്സ് ഇന്നും ഗ്രാമത്തിലെ കുന്നുകള്‍ കയറുന്നു. വയലായ വയലിലെല്ലാം തുമ്ബപ്പൂ തെരയുന്നു.
അത്തത്തിന് സമാധാനത്തിന്റെ വെള്ളനിറമുള്ള തുമ്ബപ്പൂവില്‍ കളം തീര്‍ക്കുന്ന മലയാളി തിരുവോണത്തിന് നിറവൈവിദ്ധ്യത്തോടെ കളം പൂര്‍ത്തിയാക്കിയാണ് മാവേലിതമ്ബുരാനെ സ്വീകരിക്കുന്നത്.
സമൃദ്ധിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടേയും ഓര്‍മ്മപ്പെടുത്തലാണ് ഓരോ മലയാളിക്കും ഓരോ ഓണവും ചിങ്ങമാസവും.