ഓട്ടോ ഡ്രൈവറെ ഫോര്‍ട്ട് പൊലീസ് ആളുമാറി ക്രൂര മദ്ദനത്തിനിരയാക്കി

തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ ഓട്ടോ ഡ്രൈവറെ ഫോര്‍ട്ട് പൊലീസ് ആളുമാറി ക്രൂര മദ്ദനത്തിനിരയാക്കി. മണക്കാട് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന അമ്ബലത്തറ സ്വദേശി ആര്‍ കുമാറിനെയാണ് പൊലീസ് ആളുമാറി തല്ലിച്ചതച്ചത്.

മര്‍ദ്ദനത്തില്‍ കുമാറിന് നട്ടെല്ലിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം കുമാറിനെ ചോദ്യം ചെയ്യാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു എന്നും മര്‍ദിച്ചതായി അറിയില്ലെന്നുമാണ് ഫോര്‍ട്ട് പൊലീസിന്‍റെ വിശദീകരണം. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ഫോര്‍ട്ട് പൊലീസ് സംഘം മണക്കാട് ഓട്ടോ സ്റ്റാന്‍ഡിലെത്തിയത്. ശ്യാമ എന്ന പേരുള്ള ഓട്ടോ കണ്ടതോടെ പൊലീസ് തടഞ്ഞു നിര്‍ത്തി കുമാറിനെ പിടികൂടി. പിടിച്ചയുടന്‍ മര്‍ദ്ദനം തുടങ്ങിയതായി കുമാര്‍ പറയുന്നു. പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിയിലും സ്റ്റേഷനിലും മര്‍ദനം തുടര്‍ന്നു. ഒരു മണിക്കൂര‍് കഴിഞ്ഞപ്പോള്‍ ആളുമാറിപ്പോയെന്ന് പറഞ്ഞ് 500 രൂപയും തന്ന് വിട്ടയച്ചെന്നും കുമാര്‍ പറഞ്ഞു.

വിവരമറിഞ്ഞ് അപ്പോള്‍ തന്നെ കുമാറിന്‍റെ ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചേര്‍ന്ന് കുമാറുമായി ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍റെ മുന്നിലെത്തി. അപ്പോഴേക്കും വേദന സഹിക്കാന്‍ പറ്റാതായതോടെ കുമാറിനെ കോട്ടയ്ക്കകം ആശുപത്രിയിലെത്തിച്ചു. രാത്രി തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്കാനിംഗ് റിപ്പോര്‍ട്ടിംഗില്‍ കുമാറിന്‍റെ നട്ടെല്ലിന് പരിക്കുണ്ടെന്ന് കണ്ടെത്തി. സംഭവത്തില്‍ കുമാറിന്‍റെ ഭാര്യ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സ്പെഷ്യല്‍ബ്രാഞ്ച് സംഭവത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങി. എന്നാല്‍ മര്‍ദിച്ചു എന്ന കാര്യം അറിയില്ലെന്നാണ് ഫോര്‍ട്ട് പൊലീസിന്‍റെ വിശദീകരണം. സ്വര്‍ണമാല പിടിച്ചുപറിച്ച കേസിലെ പ്രതിയുടെ ഓട്ടോയാണെന്ന് കരുതിയാണ് കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും ചോദ്യം ചെയ്യലില്‍ ആളുമാറി എന്ന് മനസിലായതോടെ പറഞ്ഞയക്കുകയായിരുന്നു എന്നുമാണ് ഫോര്‍ട്ട് പൊലീസ് സംഭവത്തെക്കുറിച്ച്‌ വിശദീകരിക്കുന്നത്. സംഭവത്തിന് ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും നഷ്ടപരിഹാരം കിട്ടണമെന്നും കുമാറിന്‍റെ ഭാര്യ പറഞ്ഞു.

Related posts

Leave a Comment