ഓടിക്കൊണ്ടിരുന്ന കാറിനടിയിൽപ്പെട്ട കാട്ടുപന്നിയെ രക്ഷപെടുത്തി അഗ്നിരക്ഷാ സേനയും നാട്ടുകാരും. സംസ്ഥാന പാതയിൽ വാമനപുരത്തുവെച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ഓടിക്കൊണ്ടിരുന്ന കാറിനടിയിലേക്ക് അതിവേഗം റോഡ് മുറിച്ചു കടക്കുകയായിരുന്ന പന്നി വന്നുകയറി കുടുങ്ങുകയായിരുന്നു.പെട്ടെന്ന് ബ്രേക്കിട്ട് വാഹനത്തിൽനിന്ന് യാത്രക്കാർ പുറത്തിറങ്ങി.
പന്നി വാഹനം കുത്തിമറിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. രക്ഷപ്പെടാനുളള വെപ്രാളത്തില്‍ പന്നി കാറ് മറിച്ചിടാനും ശ്രമം നടത്തി. ഉടൻ തന്നെ കാർ യാത്രക്കാർ ഇറങ്ങിമാറി. സംഭവം അറിഞ്ഞ ഉടന്‍ വെഞ്ഞാറമൂടില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവത്തനം ആരംഭിച്ചു.
വെഞ്ഞാറമൂട് അഗ്നിശമനാസേനയാണ് പന്നിയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. രക്ഷപ്പെട്ട പന്നി കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു. അസിസ്റ്റൻറ് സ്റ്റേഷൻ മാസ്റ്റർ അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
നാട്ടുകാരും സേനയെ സഹായിക്കാനെത്തിയിരുന്നു.അതേസമയം കേരളത്തിലെ വനങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പകൽ സമയങ്ങളിലും ആന, പന്നി, കാട്ടുപോത്ത്, കരടി, മ്ലാവ് തുടങ്ങിയ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നതായി റിപ്പോർട്ടുകൾ.
ഗ്രാമപ്രദേശങ്ങളിലും, ആദിവാസി സെറ്റിൽമെന്റുകളിലുമാണ് കൃഷി നശിപ്പിക്കൽ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കടം വാങ്ങിയും ലോൺ തരപ്പെടുത്തിയും കൃഷിചെയ്ത കർഷകർ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്.
മുൻപ് ഇരുട്ട് വീണുതുടങ്ങിയാൽ മാത്രം കാടിറങ്ങുന്ന മൃഗങ്ങൾ നിലവിൽ പകലും നാട്ടിലിറങ്ങുന്നതും മനുഷ്യരെ ഉൾപ്പെടെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. മുൻപ് പന്നി മാത്രമായിരുന്നെങ്കിൽ ഇപ്പോൾ കരടി, കാട്ടുപോത്ത്, ആന എന്നിവയും ഭീഷണി ഉയർത്തുകയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പലരും ചികിത്സയിലാണ്.