യുഎസ്: അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൺ സമുദ്രപേടകത്തിൽ അഞ്ച് യാത്രക്കാർക്കായി അവശേഷിക്കുന്നത് വളരെക്കുറച്ച് ഒക്സിജൻ.
മണിക്കൂറുകൾക്കുള്ളിൽ പേടകത്തിലെ ഓക്സിജൻ തീരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഓക്സിജൻ തീരുന്നതിനാൽ പേടകം കണ്ടെത്തിയാലും ജലോപരിതലത്തിലേക്ക് എത്തിക്കുക ദുഷ്കരമായിരിക്കും.ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് ശേഷം പേടകത്തിലെ ഓക്സിജൻ തീരുമെന്നാണ് റിപ്പോർട്ട്.
പേടകത്തിൻ്റെ ഭാരം കുറയ്ക്കാൻ ഉള്ളിലുള്ള പൈലറ്റ് ശ്രമം നടത്തിയേക്കും. ഈ നീക്കം വിജയിച്ച് പേടകം ഉയർന്നുവന്നാൽ തന്നെ ആശയവിമയം നഷ്ടമായതിനാൽ പേടകം പെട്ടെന്ന് കണ്ടെത്താനാകില്ല.
ഈ സമയത്തിനുള്ളിൽ ഓക്സിജൻ തീരാനുള്ള സാധ്യതയുമാണ് വിദഗ്ധർ നൽകുന്നത്. പേടകം കടലിനടിയിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണെങ്കിലും രക്ഷാപ്രവർത്തനം ദുഷകരമാണ്.
പുറത്ത് നിന്ന് ബോൾട്ടുകൾ ഉപയോഗിച്ച് പൂട്ടിയിരിക്കുന്നതിനാൽ പേടകത്തിൽ നിന്ന് യാത്രക്കാർക്ക് ഇറങ്ങാൻ കഴിയില്ല. പേടകം കണ്ടെത്തിയാൽ തന്നെ ബോൾട്ടുകൾ അഴിച്ച് യാത്രക്കാരെ പുറത്തെടുക്കുക അപകടകരമാണ്.
ടൈറ്റൺ പേടകത്തിൽ നിന്നെന്ന് കരുതുന്ന ശബ്ദതരംഗങ്ങൾ ഇപ്പോഴും കേൾക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു കനേഡിയൻ വിമാനത്തിനാണ് കടലിനടിയിൽ നിന്നുള്ള തരംഗങ്ങൾ ലഭിച്ചത്.
പേടകവുമായി ബന്ധം നഷ്ടമായെന്ന് കരുതുന്ന ഭാഗത്ത് നിന്ന് ശബ്ദതരംഗങ്ങൾ തുടർന്നും കേൾക്കുന്നുണ്ടെന്ന് യുഎസ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. എന്നാൽ കാണാതായ പേടകത്തിൽ നിന്നുള്ളതാണോ ശബ്ദം എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. അമേരിക്ക, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് പേടകത്തിനായി തെരച്ചിൽ നടത്തുന്നത്.
ശബ്ദതരംഗങ്ങൾ ലഭിച്ച ഭാഗത്ത് നിരീക്ഷണം നടത്തിയെങ്കിലും ടൈറ്റൺ പേടകത്തിൻ്റെ ഒരു സൂചനയും കണ്ടെത്തിയിട്ടില്ലെന്നും യുഎസ് കോസ്റ്റ് ഗാർഡ് പറഞ്ഞു.
12,500 അടി താഴ്ചയിലുള്ള ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ സമീപം എത്താൻ സാധിക്കുന്ന ഫ്രാൻസിൻ്റെ റോബോട്ടിക് സംവിധാനം ഉപയോഗിച്ചാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്.
ഏത് പ്രതിസന്ധിയും മറികടന്ന് ആഴത്തിലെത്തി തെരച്ചിൽ നടത്താൻ ഈ സംവിധാനത്തിനാകും.
കടലിൽ വീണ വിമാനങ്ങൾ, മുങ്ങിപ്പോയ കപ്പലുകൾ, ഭാരമുള്ള വസ്തുക്കൾ എന്നിവ കണ്ടെത്താൻ ഫ്രാൻസിൻ്റെ റോബോട്ടിക് സംവിധാനത്തിനാകുമെന്നതാണ് പ്രത്യേകത.