കൊച്ചി: നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ അമ്മ, ഫെഫ്ക ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് നടന് ഷെയ്ന് നിഗം. എന്നാല്‍, ഒത്തുതീര്‍പ്പ് ചര്‍ച്ച ഏകപക്ഷീയമാണെന്നും ഷെയ്ന് പറഞ്ഞു. നിര്‍മാതാക്കള്‍ പറയുന്നത് മാത്രം കേള്‍ക്കണമെന്ന അവസ്ഥയാണ് ഇപ്പോവുള്ളതെന്നും അവസാന തീരുമാനം എടുക്കേണ്ടത് നിര്‍മാതാക്കളുടെ സംഘടനയാണെന്നും ഷെയ്ന് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, അമ്മ- ഫെഫ്ക ഭാരവാഹികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഷെയ്നു പുറമേ സംവിധായകന് ശരത് മേനോനും പങ്കെടുത്തു. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ചിത്രം പൂര്‍ത്തിയാക്കുമെന്നും ശരത് പറഞ്ഞിരുന്നു. സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള ഡേറ്റ് ചാര്‍ട്ട് ചെയ്ത് ഫെഫ്കയ്ക്ക് നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്നായിരുന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞത്. നിര്‍മാതാക്കള്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് അമ്മ എക്സിക്യൂട്ടീവ് ഉടന്‍ തന്നെ യോഗം ചേരുമെന്നും ആ യോഗത്തില്‍ പങ്കെടുക്കാന്‍ ഷെയ്ന് നിഗത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇടവേള ബാബു അറിയിച്ചിരുന്നു.