ഇടുക്കി: വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സബ് കളക്ടറുടെ നോട്ടീസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍.
‘ഏഴ് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്തായാലും ഒഴിഞ്ഞുപോകാന്‍ ഉദ്ദേശിക്കുന്നില്ല.
നിയമപരമായിട്ടാണെങ്കില്‍ ആ നിലയ്ക്ക് നേരിടാനാണ് തീരുമാനം. 2010ല്‍ ഹൈക്കോടതി പറഞ്ഞതിന് വിപരീതമായ നിലപാടാണ് കളക്ടര്‍ സ്വീകരിച്ചത്. പത്ത് സെന്റിന് താഴെ ഭൂമിയാണെങ്കില്‍ അവര്‍ക്ക് അവിടെ താമസിക്കാന്‍ അനുവാദമുണ്ട്.
ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് സബ്കളക്ടര്‍ക്ക് ലഭിച്ച പ്രേരണപ്രകാരം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ കളക്ടര്‍ മാത്രമാണെന്ന് കരുതുന്നില്ല.
ഇതിന് പിന്നില്‍ ചിലയാളുകളാണ്. കോടതിയെ സമീപിച്ചുകഴിഞ്ഞു, ഇനി എല്ലാം വരുന്നതുപോലെ നേരിടും. ‘- എസ് രാജേന്ദ്രന്‍ പറഞ്ഞു.
രാജേന്ദ്രന്‍ താമസിക്കുന്ന മൂന്നാര്‍ ഇക്കാ നഗറിലെ ഏഴ് സെൻറ് ഭൂമിയില്‍ നിന്ന് ഒഴിയണമെന്നാണ് സബ് കളക്ടറുടെ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പുറമ്പോക്കായതിനാല്‍ ഏഴ് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നാണ് നോട്ടീസിലെ നിര്‍ദേശം.
ദേവികുളം സബ് കളക്ടറുടെ നിര്‍ദേശ പ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കും എന്നും നോട്ടീസില്‍ പറയുണ്ട്.
ബലമായി ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇടുക്കി എസ്പിക്ക് കത്തും നല്‍കിയിട്ടുണ്ട്.