തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ ഇളവുകള്‍ക്കൊപ്പം വൈകുന്നേരം പെയ്ത മഴയില്‍ തലസ്ഥാനത്ത് കനത്ത നാശനഷ്ടം. മരം വീണതിനെത്തുടര്‍ന്ന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണു. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ ഇരുട്ടിലായി. കെഎസ്‌ഇബിയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയിലും അറ്റക്കുറ്റ പണികള്‍ പുരോഗമിക്കുകയാണ്. വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. ജില്ലയിലെ താഴ്ന്ന ഭാഗങ്ങളെല്ലാം മിനിട്ടുകള്‍ കൊണ്ട് വെള്ളത്തില്‍ മുങ്ങി. ഓടകള്‍, തോടുകള്‍ എല്ലാം നിറഞ്ഞൊഴുകി. ഇന്നലെ വൈകിട്ട് 3,40 ഓടെ പെയ്ത മഴ രണ്ടു മണിക്കൂറോളം നീണ്ടു. തുള്ളിക്കൊരു കുടം പോലെ പെയ്തിറങ്ങിയ മഴയ്‌ക്കൊപ്പം ഇടിമിന്നലും വില്ലനായി. നഗരത്തിലെ ഇടറോഡുകള്‍ ഉള്‍പ്പെടെ വെള്ളക്കെട്ടിലായി. ലോക്ക്ഡൗണ്‍ കാരണം വാഹനങ്ങളും വഴിയാത്രക്കാരും നിരത്തുകളില്‍ കുറവായത് അപകടങ്ങള്‍ ഒഴിവാക്കി. ചിലയിടങ്ങളില്‍ മരം മുറിഞ്ഞു വീണ് വൈദ്യുതി കമ്ബികള്‍ പൊട്ടിയത് ആശങ്കയുണ്ടാക്കി. നിമിഷം നേരം കൊണ്ടാണ് നഗരം പൂര്‍ണ വെള്ളക്കെട്ടിലായത്. തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. ചെങ്കല്‍ചൂള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായി മരങ്ങള്‍ വീണും മറ്റും 43 കേസ്സുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. ഇതിന് പുറമെ ജഗതി, കിള്ളിപ്പാലം, കണ്ണേറ്റ്മുക്ക്, അട്ടക്കുളങ്ങര, വഞ്ചിയൂര്‍, പ്ലാമൂട്, വികാസ്ഭവന്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ആളപായമില്ലെങ്കിലും പലയിടങ്ങളിലും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടാക്കി. പ്ലാമൂട് വികാസ് ഭവനില്‍ പുളിമരം വീണ് വീടിന് നാശം നഷ്ടമുണ്ടായി. സംഭവം നടക്കുമ്ബോള്‍ വീട്ടിലുണ്ടായിരുന്നവരെ ഫയര്‍ഫോഴ്‌സിന്റെയും നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐപി ബിനുവിന്റെയും നേതൃത്വത്തില്‍ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റിപാര്‍പ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളായി നഗരത്തില്‍ ചിലയിടങ്ങളില്‍ മഴ പെയ്യുന്നുണ്ട്. എന്നാല്‍, ഇത്രയും ശക്തമായ മഴ ഉണ്ടായിട്ടില്ലായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ കളക്‌ട്രേറ്റില്‍ ശേഖരിക്കുന്നുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ദിവസങ്ങള്‍ക്കു മുമ്ബു തന്നെ ഉണ്ടായിരുന്നു. കൃഷിയിടങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയത് കര്‍ഷകരെ പരിഭ്രാന്തിയിലാക്കി. വാഴകളും, മറ്റ് കൃഷികളും വ്യാപകമായി നശിച്ചു. അപ്രതീക്ഷിത മഴ മലയോര മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. നഗരത്തിന്റെ പലയിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മേയര്‍ കെ. ശ്രീകുമാര്‍ നഗരസഭാ പരിധിയിലെ വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭ ഏറ്റെടുക്കേണ്ടïപ്രവര്‍ത്തികള്‍ ആക്ഷന്‍ പ്ലാനായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 100 വാര്‍ഡുകളിലും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ അദ്ധ്യക്ഷതയില്‍ðശുചിത്വ പരിപാലന സമിതി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. നിലവില്‍ വീടുകള്‍ കേന്ദ്രീകരിച്ച് സോഴ്‌സ് റിഡക്ഷന്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനായി ഒരു വാര്‍ഡില്‍ 35,000 രൂപ അനുവദിച്ചിട്ടുണ്ട്. ഇതുവരെ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ഇരുപതിനായിരത്തോളം വീടുകളില്‍ðസോഴ്‌സ് റിഡക്ഷന്‍ നടന്നു കഴിഞ്ഞു. ഇവിടങ്ങളിലെല്ലാം തന്നെ ഫോഗിംങും സ്‌പ്രേയിംങും നടത്തുന്നുണ്ട്.
ഈ ദുര്‍ഗതി എന്ന് തീരും?
ഒന്ന് മഴ പെയ്താല്‍ തീരാവുന്നതേയുള്ളൂ എന്നത് കലാകൗമുദി റോഡിനെ സംബന്ധിച്ച് ശരിയാകും. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും റോഡിന്റെ ദുര്‍ഗതി തുടരുകയാണ്. ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയില്‍ കലാകൗമുദി റോഡ് നിമിഷം നേരം കൊണ്ട് വെള്ളക്കെട്ടിലായി. കണ്ണമൂല, കുമാരപുരം റോഡില്‍ മരങ്ങള്‍ കടപുഴകി വീണത് ഗതാഗത തടസ്സം ഉണ്ടാക്കി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും നിരത്തില്‍ കുറവായിരുന്നു. നഗരസഭാ പരിധിയില്‍ വരുന്ന പ്രധാവന റോഡുകളിലൊന്നിനാണ് ഈ ദുരവസ്ഥ. റോഡിന്റെ പണി പൂര്‍ത്തിയായെങ്കിലും ഓടകള്‍ വ്യത്തിയാക്കാത്തതിനാല്‍ മാലിന്യത്തോടൊപ്പം മഴവെള്ളം റോഡിലേയ്‌ക്കൊഴുകുന്ന അവസ്ഥയാണ്. വാഹനയാത്രക്കാര്‍ നഗരത്തിലെത്താന്‍ ഉപയോഗിക്കുന്ന പ്രധാന ഇടറോഡുകളില്‍ ഒന്നിനാണ് ഈ ദുരവസ്ഥ. കലാകൗമുദി റോഡിന്റെ അനുബന്ധ റോഡുകളായ അവിട്ടംറോഡ്, ബര്‍മാറോഡ്, സുര്യനഗര്‍, കോയിക്കല്‍ ലെയ്ന്‍, തുടങ്ങി ഇട റോഡുകളുടെയും അവസ്ഥ സമാനമാണ്. ഒന്നര കിലോമീറ്ററോളം വരുന്ന ഈ റോഡില്‍ കാല്‍നട യാത്രപോലും ദുസഹമാണ്. തുടര്‍ച്ചയായ മഴ മൂലം റോഡിന്റെ മിക്ക ഭാഗങ്ങളിലും അഗാധ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. മറ്റു റോഡുകളില്‍ നിന്നുപോലും ഇവിടേക്ക് വെള്ളം ഒലിച്ചെത്തുന്നുണ്ട്. ഡോക്ടര്‍മാരും മറ്റും താമസിക്കുന്ന റോഡില്‍ ആവശ്യത്തിന് തെരുവുവിളക്കുകള്‍ പോലും ഇല്ലെന്നതും സ്ഥിതി രൂക്ഷമാക്കുന്നു. കണ്ണമൂല കലാകൗമുദി റോഡില്‍ 1 കോടി 45 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുമ്ബോഴും റോഡിന്റെ ദുര്‍ഗതിക്ക് മാറ്റമില്ലെന്ന പരാതിയിലാണ് നാട്ടുകാര്‍.