ഒരേയൊരു കിങ്; ദശകത്തിലെ ഏകദിന ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലി, ടെസ്റ്റില്‍ സ്‌മിത്ത്

ഐസിസിയുടെ വിവിധ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദശകത്തിലെ പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു. 2010 മുതല്‍ 2020 വരെയുള്ള പത്ത് വര്‍ഷക്കാലത്തെ മികച്ച പ്രകടനം പരിഗണിച്ചാണ് കോഹ്‌ലിയെ ദശകത്തിലെ ഏകദിന പുരുഷ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്. ഈ ദശകത്തില്‍ ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടിയ ഏക താരമാണ് കോഹ്‌ലി. 2010 മുതലുള്ള കാലയളവില്‍ 39 സെഞ്ചുറി, 48 അര്‍ധ സെഞ്ചുറി, 112 ക്യാച്ചുകള്‍ എന്നിവയാണ് കോഹ്‌ലിയുടെ സമ്ബാദ്യം. 61.83 ശരാശരിയോടെയാണ് ഈ ദശകത്തില്‍ കോഹ്‌ലി പതിനായിരത്തിലേറെ ഏകദിന റണ്‍സ് സ്വന്തമാക്കിയത്.

ഐസിസി ഏകദിന ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമെന്ന് വിരാട് കോഹ്‌ലി. ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുക എന്നതുമാത്രമാണ് തന്റെ ലക്ഷ്യമെന്നും മറ്റ് നേട്ടങ്ങളെല്ലാം പിന്നാലെ സംഭവിക്കുന്നതാണെന്നും കോഹ്‌ലി പറഞ്ഞു.

ദശകത്തിലെ ടെസ്റ്റ് ക്രിക്കറ്റ് താരമായി (പുരുഷ ക്രിക്കറ്റ്) ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്തിനെയാണ് തിരഞ്ഞെടുത്തത്. ഈ ദശകത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 65.79 ശരാശരിയോടെ 7,040 റണ്‍സാണ് സ്‌മിത്ത് നേടിയിരിക്കുന്നത്. 26 സെഞ്ചുറികളും 28 അര്‍ധ സെഞ്ചുറികളും സ്‌മിത്ത് നേടിയിട്ടുണ്ട്.

ഐസിസിയുടെ ദശകത്തിലെ ടി 20 ക്രിക്കറ്റ് താരമായി അഫ്‌ഗാനിസ്ഥാന്റെ റാഷിദ് ഖാനെ തിരഞ്ഞെടുത്തു. 12.62 ശരാശരിയില്‍ 89 വിക്കറ്റുകളാണ് ഈ ദശകത്തില്‍ റാഷിദ് ഖാന്‍ നേടിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം, മൂന്ന് തവണ നാല് വിക്കറ്റ് നേട്ടവും റാഷിദ് ഖാന്റെ പേരിലുണ്ട്.

ഐസിസി സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്.ധോണിക്ക്. 2011 ലെ നോട്ടിങാം ടെസ്റ്റില്‍ റണ്‍ഔട്ടായ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്ലിനെ ധോണി തിരിച്ചുവിളിച്ചതാണ് താരത്തെ ഈ പുരസ്കാരത്തിനു അര്‍ഹനാക്കിയത്. വോട്ടിങ്ങിലൂടെയാണ് പുരസ്‌കാര വിജയികളെ തീരുമാനിച്ചത്.

ഇന്നലെയാണ് ഐസിസി ദശകത്തിലെ ഏകദിന, ടെസ്റ്റ്, ടി 20 ടീമുകളെ പ്രഖ്യാപിച്ചത്. മൂന്ന് ടീമിലും ഇടം നേടിയ ഏകതാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ്. ടെസ്റ്റ് ടീമിനെ നയിക്കുന്നതും കോഹ്‌ലി തന്നെ. ഏകദിനത്തിലും ടി 20 യിലും മഹേന്ദ്രസിങ് ധോണിയാണ് നായകന്‍.

Related posts

Leave a Comment