ഒരു വര്‍ഷത്തിനുള്ളില്‍ നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു: സര്‍വ്വെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വെവ റിപ്പോര്‍ട്ട്.
ഇന്ത്യ ടുഡെ തിങ്കളാഴ്ച പുറത്തുവിട്ട ‘മൂഡ് ഓഫ് ദ് നേഷന്‍’ സര്‍വേ പ്രകാരം മോദിയുടെ ജനപ്രീതി ഒരു വര്‍ഷത്തിനുള്ളില്‍ 66 ശതമാനത്തില്‍നിന്ന് 24 ശതമാനമായാണു കുറഞ്ഞത്.

കോവിഡിന്റെ ആദ്യതരംഗം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് 2021 ജനുവരില്‍ 73 ശതമാനമായി ജനപ്രീതി ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തിലെ പ്രശ്‌നങ്ങള്‍ മൂലം ഇപ്പോള്‍ 49 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നുവെന്നതു തന്നെയാണ് ജനപ്രീതി ഇടിയാനുള്ള പ്രധാന കാരണമായി സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടിയത്.

മോദിക്കു ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് മുന്‍ഗണന. 11 ശതമാനം പേരാണ് അദ്ദേഹത്തെ അനുകൂലിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 10 ശതമാനം പേരുടെ പിന്തുണയുമായി മൂന്നാമതാണ്. 2020ല്‍ രാഹുലിന്റെ ജനപ്രീതി 8 ശതമാനമായിരുന്നു. യോഗിയുടെ ജനപ്രീതി 2019ല്‍ 3 ശതമാനവും.

Related posts

Leave a Comment